ന്യൂഡൽഹി: രാജ്യസഭയിൽ സിപിഎം എംപി ജോൺ ബ്രിട്ടാസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നു എന്ന ബ്രിട്ടാസിന്റെ ആരോപണത്തിനെതിരെയാണ് ധനമന്ത്രി ശക്തമായി രംഗത്തെത്തിയത്. ‘കമ്യൂണിസ്റ്റുകൾ ആകെ ഭീരുക്കളാണ്’ എന്നായിരുന്നു നിർമല സീതാരാമന്റെ പരിഹാസം.
2026-ലെ നികുതി നിയമ ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്‌ക്കിടെയായിരുന്നു സംഭവം. യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താൻ സർക്കാർ നീക്കം നടത്തുകയാണെന്ന് ആരോപിച്ച ബ്രിട്ടാസ്, വിഷയത്തിൽ പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ അനുവദിച്ച സമയപരിധി കഴിഞ്ഞതോടെ പ്രസംഗം അവസാനിപ്പിച്ച് അദ്ദേഹം സഭയിൽ നിന്ന് പുറത്തുപോയി.
ഇതാണ് കേന്ദ്രമന്ത്രിയെ ചൊടിപ്പിച്ചത്. താൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയുമ്പോൾ കേൾക്കാൻ പോലും നിൽക്കാതെ പോയതെന്തിനെന്നായിരുന്നു നിർമല സീതാരാമന്റെ ചോദ്യം. ‘വസ്തുതകളെ വളച്ചൊടിച്ച് ആരോപണം ഉന്നയിക്കുകയും മറുപടി പറയുമ്പോൾ കേൾക്കാൻ ധൈര്യമില്ലാതിരിക്കുകയും ചെയ്യുന്നത് കമ്യൂണിസ്റ്റ് രീതിയാണ്’ എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരിഹാസം.
‘ആരോപണം ഉന്നയിക്കാൻ അവകാശമുണ്ട്, മറുപടി കേൾക്കാൻ അവകാശമില്ലേ?’
സഭയിൽ തനിക്ക് സംസാരിക്കാൻ അവകാശമുണ്ടെന്ന് ബ്രിട്ടാസ് വാദിച്ചപ്പോൾ, മറുപടി പറയുമ്പോൾ അത് കേൾക്കാനുള്ള ഉത്തരവാദിത്തം കൂടി ഇല്ലേയെന്നും നിർമല സീതാരാമൻ ചോദിച്ചു. സഭയിലെ വിവിധ അംഗങ്ങൾ ഉന്നയിക്കുന്ന വിഷയങ്ങൾ കേൾക്കുകയും അതിന് പോയിന്റ് ബൈ പോയിന്റായി മറുപടി നൽകുകയും ചെയ്യുന്നതാണ് തന്റെ രീതിയെന്നും മന്ത്രി വ്യക്തമാക്കി.
യുപിഐ ചാർജിനെ കുറിച്ച് ബ്രിട്ടാസ് ഉന്നയിച്ച ആരോപണവും കേന്ദ്ര ധനമന്ത്രി പൂർണ്ണമായും തള്ളി. പുതിയ നിയമത്തിലെ വ്യവസ്ഥ യുപിഐ ഉപയോക്താക്കളിൽ നിന്ന് നികുതിയോ ഇടപാട് ചാർജോ ഈടാക്കുന്നതല്ല. പകരം, ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനങ്ങൾക്ക് നിലവിലുള്ള നിയമപരമായ സംരക്ഷണം തുടരുന്നതിനുള്ള വ്യവസ്ഥയാണിതെന്നും മന്ത്രി വ്യക്തമാക്കി.















