ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ചട്ടങ്ങള്‍ക്ക് വിധേയമായി ഏതു വിഷയത്തിലും ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രതിപക്ഷം ഉന്നയിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാന്‍ തയ്യാറാണെന്നും, 24 മണിക്കൂര്‍ വരെ ചര്‍ച്ച തുടരാന്‍ സന്നദ്ധനാണെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ലമെന്റില്‍ താന്‍ ഹാജരാകുന്നില്ലെന്ന പ്രതിപക്ഷ ആരോപണം അമിത് ഷാ തള്ളി. പാര്‍ലമെന്റിലെ തന്റെ ഹാജര്‍ പരിശോധിക്കാമെന്നും താന്‍ ദിവസവും സഭയിലെത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം നിരന്തരം ബഹളം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ സഭയില്‍ വന്നിരിക്കുന്നതുകൊണ്ട് എന്താണ് പ്രയോജനമെന്നും അമിത് ഷാ ചോദിച്ചു.
പ്രതിപക്ഷം ചര്‍ച്ചയ്‌ക്ക് തയ്യാറാണെങ്കില്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ വ്യാഴാഴ്ച വൈകിട്ട് മൂന്ന് വരെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താന്‍ തയ്യാറാണെന്നും അമിത് ഷാ വ്യക്തമാക്കി. ആവശ്യമെങ്കില്‍ രാത്രി മുഴുവന്‍ ചര്‍ച്ച തുടരാനും പ്രതിപക്ഷം ഉന്നയിക്കുന്ന ഓരോ വിഷയത്തിനും മറുപടി നല്‍കാനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്ററി ചര്‍ച്ചകള്‍ക്ക് കൃത്യമായ ചട്ടങ്ങളും നടപടിക്രമങ്ങളുമുണ്ടെന്നും ഗുരുതരമായ വിഷയങ്ങള്‍ ഒരു പ്രസ്താവനയിലൂടെ മാത്രം ചര്‍ച്ച ചെയ്യാനാകില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ലോക്സഭാ സ്പീക്കര്‍ അനുവദിച്ചാല്‍ ചോദ്യോത്തരവേള താല്‍ക്കാലികമായി നിര്‍ത്തിവച്ച് ചര്‍ച്ച നടത്താനും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ കാര്യങ്ങളിലും കുറിപ്പെടുത്തി ഓരോ വിഷയത്തിലും പ്രതികരിക്കുമെന്നും ചര്‍ച്ചയിലൂടെ രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ വസ്തുതകള്‍ വ്യക്തമാക്കാനാകുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.