94 വര്‍ഷം, 319 താരങ്ങള്‍, 600 ടെസ്റ്റുകള്‍; ഒന്നാം ടെസ്റ്റ് മുതല്‍ 600-ാം ടെസ്റ്റ് വരെ; ചരിത്രനാഴികക്കല്ല് പിന്നിട്ട് ടീം ഇന്ത്യ

Published by
ജനം വെബ്‌ഡെസ്ക്

ഗാള്‍: 1932 ജൂണ്‍ 25ന് ലോര്‍ഡ്‌സില്‍ സി.കെ. നായിഡുവിന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ടിനെതിരേ അരങ്ങേറ്റം കുറിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്ന് ചരിത്രത്തിലെ 600-ാം ടെസ്റ്റ് മത്സരത്തിന് ഇറങ്ങുന്നു. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിനായി ഗാള്‍ അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍, ഇംഗ്ലണ്ടിനും ഓസ്ട്രേലിയക്കും ശേഷം 600 ടെസ്റ്റുകള്‍ കളിക്കുന്ന ലോകത്തിലെ മൂന്നാമത്തെ ടീമെന്ന നേട്ടമാണ് ഇന്ത്യ സ്വന്തമാക്കുന്നത്.

94 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തിനിടെ 319 താരങ്ങളാണ് ഇന്ത്യക്കായി ടെസ്റ്റ് കുപ്പായമണിഞ്ഞത്. 200 ടെസ്റ്റുകള്‍ കളിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച താരം. നിലവിലെ ടീമിലെ മാനവ് സുതറാണ് ഈ പട്ടികയിലെ ഏറ്റവും പുതിയ അംഗം. ഇന്ത്യയെ ഇതുവരെ 38 ക്യാപ്റ്റന്‍മാര്‍ ടെസ്റ്റില്‍ നയിച്ചിട്ടുണ്ട്. 2014 മുതല്‍ 2022 വരെ 68 ടെസ്റ്റുകളില്‍ ഇന്ത്യയുടെ നായകനായിരുന്ന വിരാട് കോഹ്ലിയാണ് ടീമിന്റെ ഏറ്റവും വിജയകരമായ ടെസ്റ്റ് ക്യാപ്റ്റന്‍. 40 വിജയങ്ങളാണ് കോഹ്ലിയുടെ നേതൃത്വത്തില്‍ ഇന്ത്യ സ്വന്തമാക്കിയത്.

1932ല്‍ ലോര്‍ഡ്‌സില്‍ നടന്ന ഇന്ത്യയുടെ അരങ്ങേറ്റ ടെസ്റ്റില്‍ സി.കെ. നായിഡുവാണ് ടീമിനെ നയിച്ചത്. മഹാരാജ ഓഫ് പോര്‍ബന്ദറെയായിരുന്നു ആദ്യം ക്യാപ്റ്റനായി തീരുമാനിച്ചിരുന്നതെങ്കിലും മത്സരം നയിച്ചത് നായിഡുവായിരുന്നു. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 259 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 189 റണ്‍സിന് പുറത്തായി. ഒടുവില്‍ 158 റണ്‍സിന്റെ തോല്‍വിയായിരുന്നു ഇന്ത്യയുടെ തുടക്കം.

മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെ നേതൃത്വത്തിലായിരുന്നു ഇന്ത്യ 100-ാം ടെസ്റ്റിന് ഇറങ്ങിയത്. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 298 റണ്‍സെടുത്തപ്പോള്‍ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നു. 132 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. എന്നാല്‍ ശ്രീനിവാസന്‍ വെങ്കട്ടരാഘവന്‍, ബി. ചന്ദ്രശേഖര്‍, ബിഷന്‍ സിങ് ബേദി, ഏറാപ്പള്ളി പ്രസന്ന എന്നിവര്‍ ചേര്‍ന്ന് ഇംഗ്ലണ്ടിന്റെ 10 വിക്കറ്റുകളും വീഴ്‌ത്തിയത് മത്സരത്തിലെ ശ്രദ്ധേയമായ നേട്ടമായി.

ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യയുടെ 300-ാം ടെസ്റ്റിന് സുനില്‍ ഗാവസ്‌കറായിരുന്നു നായകന്‍. കാണികളില്ലാതെ നടന്ന മത്സരത്തില്‍ പാകിസ്താന്റെ സഹീര്‍ അബ്ബാസ് 215 റണ്‍സിന്റെ ഇരട്ട സെഞ്ചുറി നേടി. ഇന്ത്യക്കായി മൊഹീന്ദര്‍ അമര്‍നാഥ് പുറത്താകാതെ 109 റണ്‍സെടുത്തു. ഗാവസ്‌കര്‍ 81 റണ്‍സും നേടി. മത്സരത്തിനിടെ 7,000 ടെസ്റ്റ് റണ്‍സ് പിന്നിട്ട ഗാവസ്‌കര്‍ ചരിത്രം കുറിച്ചു. മത്സരം സമനിലയില്‍ അവസാനിച്ചു.

വിവിഎസ് ലക്ഷ്മണിന്റെ ഐതിഹാസിക ടെസ്റ്റ് കരിയറിന് തുടക്കമായത് ഇന്ത്യയുടെ 400-ാം ടെസ്റ്റിലായിരുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യ സ്പിന്നര്‍മാരുടെ മികവില്‍ ദക്ഷിണാഫ്രിക്കയെ സമ്മര്‍ദത്തിലാക്കി. രണ്ടാം ഇന്നിങ്‌സില്‍ ലക്ഷ്മണ്‍ നേടിയ 51 റണ്‍സും ജവഗല്‍ ശ്രീനാഥിന്റെ ആറ് വിക്കറ്റ് പ്രകടനവും ഇന്ത്യക്ക് 64 റണ്‍സിന്റെ വിജയം സമ്മാനിച്ചു.

വിരാട് കോഹ്ലിയുടെ നേതൃത്വത്തിലായിരുന്നു ഇന്ത്യ 500-ാം ടെസ്റ്റ് കളിച്ചത്. മുരളി വിജയ്, ചേതേശ്വര്‍ പൂജാര എന്നിവരുടെ ബാറ്റിങ് മികവിനൊപ്പം ആര്‍. അശ്വിന്റെയും രവീന്ദ്ര ജഡേജയുടെയും സ്പിന്‍ കരുത്തും ഇന്ത്യക്ക് കരുത്തായി. 197 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ അശ്വിന്‍ ആറ് വിക്കറ്റുമായി തിളങ്ങി.

ഇപ്പോള്‍ 600-ാം ടെസ്റ്റിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുകയാണ് ടീം ഇന്ത്യ. തലമുറമാറ്റത്തിന് ശേഷമുള്ള പുതിയ ടെസ്റ്റ് ടീമിന്റെ യാത്രയ്‌ക്ക് തുടക്കമിടുന്നതിനൊപ്പം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ലക്ഷ്യത്തിലേക്കുള്ള നിര്‍ണായക ചുവടുവയ്പ്പും ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നു.

Share