കൊച്ചി: ശബരിമല സ്വർണ കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെയും മുൻ ബോർഡ് അംഗം അജികുമാറിന്റെയും ജാമ്യാപേക്ഷകളിൽ വാദം തുടരുന്നു. ഇരുവർക്കുമെതിരെ ശക്തമായ തെളിവുകൾ ഹാജരാക്കിയതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
ഉണ്ണികൃഷ്ണൻ പോറ്റിയുമായി പി.എസ്. പ്രശാന്തും അജികുമാറും ബന്ധപ്പെട്ടതിന്റെ ഡിജിറ്റൽ രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. ദ്വാരപാലക ശില്പങ്ങളുടെ പാളികൾ സ്വർണം പൂശാൻ അനുമതി തേടിയ ദിവസം ദേവസ്വം ബോർഡ് പ്രസിഡന്റുൾപ്പെടെയുള്ളവർ പോറ്റിയുമായി ഫോണിൽ ബന്ധപ്പെട്ടതായും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
സ്വർണം പൂശുന്നതിനുള്ള അനുമതി തേടി മറ്റൊരാളുടെ ഇമെയിൽ വിലാസത്തിൽനിന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി അപേക്ഷ നൽകിയതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. സ്വർണം പൂശിയതിന്റെ 40 വർഷത്തെ വാറന്റി ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിലാണ് നൽകിയിരുന്നത്. ദേവസ്വം സ്വത്തുമായി ബന്ധപ്പെട്ട വാറന്റി സ്വകാര്യ വ്യക്തിയുടെ പേരിൽ നൽകിയതിലും ദുരൂഹതയുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം.
സ്വർണം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വ്യാജ കരാർ നിർമ്മിച്ചതിലും പി.എസ്. പ്രശാന്തിനും അജികുമാറിനും പങ്കുണ്ടെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. ബോർഡ് അംഗമായിരുന്ന കാലത്ത് അജികുമാർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ശുപാർശ പ്രകാരം രണ്ടുപേർക്ക് വീട് നിർമിച്ച് നൽകിയതായും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. വീടിന്റെ താക്കോൽദാന ചടങ്ങിൽ അജികുമാറും ഉണ്ണികൃഷ്ണൻ പോറ്റിയും പങ്കെടുത്തതായും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. അതേസമയം, കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ജാമ്യാപേക്ഷകളിൽ പ്രതിഭാഗത്തിന്റെ വാദം തുടരും.