മത്സരത്തിനിടെ വീണ്ടും അപകടം; യൂറോപ്പിൽ നടൻ അജിത് കുമാറിന്റെ കാർ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം:  കാറോട്ടമത്സരത്തിൽ നടൻ അജിത് കുമാറിന്റെ വാഹനം വീണ്ടും അപകടത്തിൽപ്പെട്ടു. യൂറോപ്പിൽ നടന്ന എൻഡുറൻസ് റേസിനിടെയാണ് സംഭവം. അപകടത്തിൽ നടന് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.

‘അജിത് കുമാർ റേസിങ്’ എന്ന സ്വന്തം ടീം രൂപീകരിച്ച് അന്താരാഷ്‌ട്ര മോട്ടോർസ്പോർട്ട് വേദികളിൽ സജീവമാണ് അജിത്. ഏഷ്യൻ ലെ മാൻസ് സീരീസ്, മിഷെലിൻ ലെ മാൻസ് കപ്പ് തുടങ്ങിയ എൻഡുറൻസ് റേസിങ് മത്സരങ്ങളിൽ ടീം പങ്കെടുക്കുന്നുണ്ട്.

മത്സരത്തിനിടെ അജിത്തിന്റെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ട്രാക്കിലുണ്ടായിരുന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയുമായിരുന്നു എന്നാണ് ‘ഫിലിമിബീറ്റ് തമിഴ്’ റിപ്പോർട്ട് ചെയ്യുന്നത്. ഇടിയുടെ ആഘാതത്തിൽ കാറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. അപകടത്തിന് പിന്നാലെ അജിത് സുരക്ഷിതമായി കാറിൽനിന്ന് പുറത്തിറങ്ങി.

അജിത് അപകടത്തിൽപ്പെടുന്നത് ഇതാദ്യമല്ല. മുൻപും റേസിങ്ങിനിടെയും പരിശീലനത്തിനിടെയും അദ്ദേഹം അപകടങ്ങളിൽപ്പെട്ടിട്ടുണ്ട്. അപകടസാധ്യതകൾക്കിടയിലും മോട്ടോർസ്പോർട്ടിനോടുള്ള അഭിനിവേശം തുടരുകയാണ് താരം.

Share