കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

Published by
ജനം വെബ്‌ഡെസ്ക്

കോഴിക്കോട്: ജില്ലയില്‍ വെള്ളിയാഴ്ചയുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളില്‍ മൂന്ന് വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങിമരിച്ചു. വടകര മണിയൂരിലും കൊടുവള്ളി മാനിപുരത്തുമാണ് അപകടങ്ങള്‍ ഉണ്ടായത്. വടകര മണിയൂര്‍ ചൊവ്വാപ്പുഴയില്‍ കുളിക്കാനിറങ്ങിയ നബീല്‍ (19), സിനാനും (12) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാല് പേരടങ്ങുന്ന സംഘമാണ് പുഴയില്‍ കുളിക്കാനെത്തിയത്. നാല് പേരും അപകടത്തില്‍പ്പെട്ടെങ്കിലും രണ്ടുപേര്‍ രക്ഷപ്പെട്ടു.

നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ നബീലിനെ കണ്ടെത്തി ഗുരുതരാവസ്ഥയില്‍ വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ വൈകിട്ട് ആറോടെ സിനാനെ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊടുവള്ളി മാനിപുരം ഇരുമ്പോത്ത് കടവിലാണ് മൂന്നാമത്തെ അപകടം.

കരീറ്റിപ്പറമ്പ് ഹംസയുടെ മകന്‍ മുഹമ്മദ് ഷഹിന്‍ (15) ആണ് മരിച്ചത്. മീന്‍പിടിക്കുന്നതിനിടെ പുഴയിലെ ഒഴുക്കില്‍പ്പെട്ടതായാണ് വിവരം. മുക്കം അഗ്‌നിരക്ഷാസേനയും വെള്ളിമാടുകുന്ന് സ്റ്റേഷനില്‍ നിന്നുള്ള പ്രത്യേക സ്‌കൂബ ഡൈവിങ് സംഘവും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഷഹിനെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Share