മലപ്പുറം: സ്ത്രീകൾ പൊതുരംഗത്ത് സജീവമാകുന്നതിനെതിരായ വിവാദ നിലപാട് ആവർത്തിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ. സ്ത്രീകളെ പൊതുരംഗത്തേക്ക് കൊണ്ടുവന്നാൽ വലിയ നാശമുണ്ടാകുമെന്നും സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നുമാണ് കാന്തപുരം പറഞ്ഞത്. ഉബുൽ റസൂൽ സമ്മേളനത്തിലായിരുന്നു കാന്തപുരത്തിന്റെ പരാമർശം.
സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങരുതെന്ന നിലപാടിന്റെ ഭാഗമായാണ് ഇസ്ലാമിൽ പർദാ സമ്പ്രദായം നിശ്ചയിച്ചതെന്നും കാന്തപുരം പറഞ്ഞു. ‘സ്ത്രീകൾ വീട്ടിൽ തന്നെ ജീവിക്കണം. പൊതുരംഗത്തേക്ക് വരരുതെന്ന് വിശുദ്ധ ഖുർആൻ പറയുന്നുണ്ട്. ബഹുമാനം കൊണ്ടാണ് സ്ത്രീകളോട് പൊതുരംഗത്ത് ഇറങ്ങരുതെന്ന് പറയുന്നത്’- കാന്തപുരം പറഞ്ഞു.
മുസ്ലിം സമുദായത്തെക്കുറിച്ച് സംസാരിക്കാൻ തനിക്ക് അധികാരമുണ്ടെന്നും കാന്തപുരം പറഞ്ഞു. താൻ മതം പഠിച്ചയാളാണ്. അതിനാൽ സമുദായവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തന്റെ നിലപാട് പറയുമെന്നും കാന്തപുരം വ്യക്തമാക്കി. തന്നെ വിമർശിക്കുന്നവർക്ക് മതത്തെക്കുറിച്ച് അറിവില്ല. മറ്റ് മതങ്ങളുടെ കാര്യത്തിൽ താൻ ഇടപെടാറില്ലെന്നും തന്നെ പിന്തിരിപ്പനെന്ന് വിമർശിക്കുന്നതിൽ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
വിമർശനങ്ങളെയും എതിർപ്പുകളെയും ഭയന്ന് തന്റെ നിലപാടിൽനിന്ന് പിന്നോട്ടുപോകില്ലെന്നും ഇത്തരം കാര്യങ്ങൾ ഇനിയും തുറന്നുപറയുമെന്നും വ്യക്തമാക്കിയാണ് കാന്തപുരം പ്രസംഗം അവസാനിപ്പിച്ചത്.
സമസ്ത സർക്കുലറിന് പിന്നാലെ വിവാദം
അന്യപുരുഷന്മാർക്കിടയിലോ പൊതുഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന നിർദേശവുമായി സമസ്ത കാന്തപുരം വിഭാഗം കഴിഞ്ഞ ദിവസം സർക്കുലർ പുറത്തിറക്കിയിരുന്നു. മതപരമായ ആഘോഷങ്ങളിൽ അതിർവരമ്പുകൾ ലംഘിക്കരുതെന്നും പരിപാടികൾ ഇസ്ലാമിക മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണമെന്നും സർക്കുലറിൽ നിർദേശിച്ചിരുന്നു.
നിരത്തുകളിലും വേദികളിലും അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുതെന്നും ഇസ്ലാമികമല്ലാത്ത ആചാരങ്ങൾ പരിപാടികളിൽ കൂട്ടിച്ചേർക്കരുതെന്നും മഹല്ലുകൾക്ക് നൽകിയ സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. സർക്കുലർ വലിയ സാംസ്കാരിക-രാഷ്‌ട്രീയ വിവാദത്തിന് വഴിവെച്ചതിന് പിന്നാലെയാണ് കാന്തപുരം വീണ്ടും സമാന നിലപാട് പരസ്യമായി ആവർത്തിച്ചിരിക്കുന്നത്.















