കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ വിവാദ സ്ത്രീവിരുദ്ധ പരാമർശത്തിൽ അഭിപ്രായം പറയാൻ തയ്യാറാകാതെ മുസ്‌ലിം ലീഗ് നേതാവും മന്ത്രിയുമായ കെ.എം. ഷാജി. മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദിച്ചിട്ടും ‘കമന്റില്ല’ എന്ന ഒറ്റവാക്കിൽ ഉറച്ചുനിന്ന ഷാജി, ഒടുവിൽ തന്റെ അഭിപ്രായം സൂക്ഷിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞ് തടിതപ്പുകയായിരുന്നു.
കാന്തപുരത്തിന്റെ പരാമർശം സ്ത്രീവിരുദ്ധമാണെന്ന് അഭിപ്രായമുണ്ടോ എന്ന ചോദ്യത്തിനുപോലും ഷാജിക്ക് മറുപടിയില്ല. പകരം, ‘ഞാൻ അതിൽ കമന്റ് ചെയ്യുന്നില്ല’ എന്ന മറുപടി തന്നെ പലതവണ ആവർത്തിക്കുകയായിരുന്നു.
“കേരളത്തിലെ മുസ്‌ലിം സമുദായത്തിൽ വ്യത്യസ്ത ധാരകളിലുള്ള ഒരുപാട് ആളുകളുണ്ട്. അവരോട് ചോദിച്ചാൽ മതി. ഞാൻ അതിനെക്കുറിച്ച് കമന്റ് ചെയ്യുന്നില്ല. ഞാൻ കമന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞാൽ അതിന്റെ അർഥം കമന്റ് ചെയ്യുന്നില്ല എന്നാണ്. കുത്തിക്കുത്തി ചോദിച്ചാലും അങ്ങനെ തന്നെയാണ്. എനിക്ക് എന്റെ അഭിപ്രായം സൂക്ഷിക്കാൻ സ്വാതന്ത്ര്യമുണ്ടല്ലോ,” എന്നായിരുന്നു ഷാജിയുടെ പ്രതികരണം.
സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ വലിയ നാശത്തിന് കാരണമാകുമെന്നുമായിരുന്നു കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ വിവാദ പരാമർശം. സ്ത്രീകളെ പൊതുരംഗത്ത് നിന്ന് മാറ്റിനിർത്തുന്നത് അവരോടുള്ള ബഹുമാനം കൊണ്ടാണെന്ന വാദവും അദ്ദേഹം ഉന്നയിച്ചിരുന്നു. കൊച്ചിയിൽ നടന്ന കേരള മുസ്‌ലിം ജമാഅത്തിന്റെ ഹുബ്ബുറസൂൽ സമ്മേളനത്തിലായിരുന്നു കാന്തപുരത്തിന്റെ പരാമർശം.
സ്ത്രീകൾ പൊതുരംഗത്ത് എത്തിയാൽ നാശമുണ്ടാകുമെന്നും അതിനാലാണ് ഇസ്‌ലാം പർദാ സമ്പ്രദായം നിശ്ചയിച്ചിരിക്കുന്നതെന്നുമാണ് കാന്തപുരം പറഞ്ഞത്. മതപരമായ കാര്യങ്ങളിൽ പഠനം നടത്തിയവരെന്ന നിലയിൽ ഇത്തരം കാര്യങ്ങൾ സമുദായത്തോട് പറയേണ്ടത് തങ്ങളുടെ ബാധ്യതയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നബിദിനാഘോഷ റാലികളിൽ പെൺകുട്ടികളെയും സ്ത്രീകളെയും പങ്കെടുപ്പിച്ചതിന് പിന്നാലെയാണ് സ്ത്രീകൾ പൊതുനിരത്തിലും പൊതുവേദികളിലും അന്യപുരുഷന്മാർക്കൊപ്പം പ്രത്യക്ഷപ്പെടരുതെന്ന നിർദേശവുമായി കാന്തപുരം വിഭാഗം സർക്കുലർ പുറത്തിറക്കിയത്.
അതേസമയം, വിഷയത്തിൽ മുസ്‌ലിം ലീഗിന്റെ നിലപാട് എന്താണെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു വാക്ക് പറയണമോ വേണ്ടയോ എന്ന കാര്യത്തിൽ പോലും ഇത്രയും ആലോചിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണെന്നാണ് രാഷ്‌ട്രീയ വിമർശകരുടെ ചോദ്യം.