15കാരന്റെ ബാറ്റില്‍ മറ്റൊരു ചരിത്രം; ദുലീപ് ട്രോഫിയില്‍ പുതിയ റെക്കോര്‍ഡുമായി വൈഭവ് സൂര്യവംശി

Published by
ജനം വെബ്‌ഡെസ്ക്

ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റിലെ കൗമാര പ്രതിഭ വൈഭവ് സൂര്യവംശി റെക്കോര്‍ഡ് പുസ്തകത്തില്‍ വീണ്ടും ഇടംപിടിച്ചു. ദുലീപ് ട്രോഫി ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അര്‍ധസെഞ്ചുറിക്കാരനെന്ന നേട്ടമാണ് 15കാരന്‍ സ്വന്തമാക്കിയത്. സെന്‍ട്രല്‍ സോണിനെതിരായ സെമിഫൈനലില്‍ ഈസ്റ്റ് സോണിനായി ഓപ്പണറായി ഇറങ്ങിയ സൂര്യവംശി വെറും 42 പന്തിലാണ് അര്‍ധസെഞ്ചുറി നേടിയത്. ഓഫ് സ്പിന്നര്‍ സാരാന്‍ഷ് ജയിനെതിരെ സിക്‌സര്‍ പറത്തിയാണ് താരം അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയത്.

15 വയസും 157 ദിവസവും പ്രായത്തിലാണ് സൂര്യവംശി ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. ഇതോടെ 57 വര്‍ഷമായി നിലനിന്നിരുന്ന റെക്കോര്‍ഡാണ് താരം മറികടന്നത്. 1969ലെ ദുലീപ് ട്രോഫിയില്‍ 16 വയസും 23 ദിവസവും പ്രായത്തില്‍ അര്‍ധസെഞ്ചുറി നേടിയ ലക്ഷ്മണ്‍ സിങ്ങായിരുന്നു ഇതിന് മുമ്പ് റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നത്. 2005ല്‍ 16 വയസും 307 ദിവസവും പ്രായത്തില്‍ ദുലീപ് ട്രോഫിയില്‍ അര്‍ധസെഞ്ചുറി നേടിയ മുന്‍ ഇന്ത്യന്‍ താരം പിയൂഷ് ചൗളയാണ് പട്ടികയില്‍ അടുത്ത സ്ഥാനത്ത്.

അര്‍ധസെഞ്ചുറിക്ക് പിന്നാലെ മറ്റൊരു ചരിത്രനേട്ടത്തിലേക്കും സൂര്യവംശി കുതിച്ചെങ്കിലും സെഞ്ചുറിക്ക് എട്ട് റണ്‍സ് അകലെ പുറത്തായി. 81 പന്തില്‍ 92 റണ്‍സാണ് താരം നേടിയത്. ദുലീപ് ട്രോഫിയിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചുറിക്കാരനെന്ന റെക്കോര്‍ഡ് ഇപ്പോഴും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലാണ്. 1990-91 സീസണില്‍ 17 വയസും 262 ദിവസവും പ്രായത്തിലാണ് സച്ചിന്‍ ദുലീപ് ട്രോഫിയില്‍ സെഞ്ചുറി നേടിയത്.

സൂര്യവംശിയുടെ റെക്കോര്‍ഡ് നേട്ടങ്ങളുടെ പട്ടികയില്‍ ഇതും പുതിയത് മാത്രം. ഒരു ദിവസം മുമ്പ് ഈസ്റ്റ് സോണിന്റെ സ്ഥിരം ക്യാപ്റ്റന്‍ ഇഷാന്‍ കിഷന് പരിക്കേറ്റതിനെ തുടര്‍ന്ന് നായകസ്ഥാനം ഏറ്റെടുത്തതോടെ ദുലീപ് ട്രോഫിയിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡും താരം സ്വന്തമാക്കിയിരുന്നു. കൗമാരപ്രായത്തില്‍ തന്നെ ബാറ്റിംഗിലും നേതൃത്വത്തിലും റെക്കോര്‍ഡുകള്‍ സ്വന്തമാക്കുന്ന സൂര്യവംശിയുടെ പ്രകടനം ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ ശ്രദ്ധ നേടുകയാണ്.

Share