ന്യൂഡല്‍ഹി: ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാന്‍ മുന്‍ ഇന്ത്യന്‍ താരം വി.വി.എസ്. ലക്ഷ്മണ്‍. ബിസിസിഐ സെന്റര്‍ ഓഫ് എക്സലന്‍സ് മേധാവിയായ ലക്ഷ്മണ്‍ കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിലും ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്നു. അന്ന് ഇന്ത്യ സ്വര്‍ണമെഡല്‍ സ്വന്തമാക്കിയിരുന്നു. ലക്ഷ്മണിനൊപ്പം മുന്‍ ഇന്ത്യന്‍ താരം സുനില്‍ ജോഷി, ശുഭദീപ് ഘോഷ്, ഹൃഷികേശ് കനിത്കര്‍ എന്നിവരും പരിശീലകസംഘത്തിലുണ്ടാകും.
ഏഷ്യന്‍ ഗെയിംസും വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനവും ഒരേ സമയത്താണ് നടക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ ടീമിനൊപ്പം തുടരും. ഈ സാഹചര്യത്തിലാണ് ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യന്‍ ടീമിന്റെ പരിശീലക ചുമതല ലക്ഷ്മണിനെ ഏല്‍പ്പിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ നാല് വരെയാണ് ജപ്പാനില്‍ ഏഷ്യന്‍ ഗെയിംസ് നടക്കുന്നത്. വെസ്റ്റ് ഇന്‍ഡീസ് പര്യടനം സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 17 വരെയാണ്.
ബിസിസിഐ സെന്റര്‍ ഓഫ് എക്സലന്‍സിന്റെ മേധാവിയായ ലക്ഷ്മണ്‍ നേരത്തെയും ദേശീയ ടീമിന്റെ ഇടക്കാല പരിശീലക ചുമതല വഹിച്ചിട്ടുണ്ട്. 2022-ല്‍ ചൈനയിലെ ഹാങ്ചൗവില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലാണ് ക്രിക്കറ്റ് മത്സരങ്ങള്‍ നടന്നത്. അന്ന് ഇന്ത്യ സ്വര്‍ണമെഡല്‍ നേടിയിരുന്നു. അഫ്ഗാനിസ്ഥാനെതിരായ ഫൈനല്‍ മഴയെ തുടര്‍ന്ന് പൂര്‍ത്തിയാക്കാനാകാതെ വന്നതോടെ ഉയര്‍ന്ന സീഡിങ്ങിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ വിജയികളായത്. ഇത്തവണയും ശക്തമായ താരനിരയെയാണ് ഇന്ത്യ അണിനിരത്തുന്നത്. പുരുഷ ടീമിനെ ശ്രേയസ് അയ്യര്‍ നയിക്കും.
സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, ശിവം ദുബെ, തിലക് വര്‍മ്മ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ തുടങ്ങിയവര്‍ക്കൊപ്പം ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവരും ടീമിലുണ്ട്. വൈഭവ് സൂര്യവംശിക്കും ടീമില്‍ ഇടം ലഭിച്ചിട്ടുണ്ട്. തിലക് വര്‍മ്മയാണ് വൈസ് ക്യാപ്റ്റന്‍. വനിതാ ടി20 ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും. സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റന്‍. ഷഫാലി വര്‍മ്മ, ജെമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ, റിച്ച ഘോഷ്, ജി. കമാലിനി, രേണുക താക്കൂര്‍, അരുന്ധതി റെഡ്ഡി, ശ്രേയങ്ക പാട്ടീല്‍, രാധാ യാദവ് തുടങ്ങിയ പ്രമുഖ താരങ്ങളും ടീമിലുണ്ട്.
ഇന്ത്യന്‍ വനിതാ ടി20 ടീം:
ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ഷഫാലി വര്‍മ്മ, ജെമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ജി. കമാലിനി (വിക്കറ്റ് കീപ്പര്‍), ഭാരതി ഫുല്‍മാലി, ശ്രീ ചരണി, രേണുക താക്കൂര്‍, ക്രാന്തി ഗൗഡ്, അരുന്ധതി റെഡ്ഡി, ശ്രേയങ്ക പാട്ടീല്‍, രാധാ യാദവ്, നന്ദിനി ശര്‍മ.
ഇന്ത്യന്‍ പുരുഷ ടി20 ടീം:
ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, തിലക് വര്‍മ്മ (വൈസ് ക്യാപ്റ്റന്‍), അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, വൈഭവ് സൂര്യവംശി, ജസ്പ്രീത് ബുംറ.