10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

Published by
ജനം വെബ്‌ഡെസ്ക്

കാഠ്മണ്ഡു: നേപ്പാളിലെ മിന്നല്‍ പ്രളയത്തിന് പിന്നാലെ തുരങ്കത്തില്‍ കുടുങ്ങിയ രണ്ട് എഞ്ചിനീയര്‍മാരെ പത്താം നാള്‍ ജീവനോടെ രക്ഷപ്പെടുത്തി. ത്രിശൂലി 3 ‘എ’ ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തില്‍ കുടുങ്ങിയ മെക്കാനിക്കല്‍ എഞ്ചിനീയര്‍മാരായ സഞ്ജയ് സാഹ (30), കബീര്‍ മഹാര്‍ജന്‍ (45) എന്നിവരെയാണ് രക്ഷാപ്രവര്‍ത്തകര്‍ ഇന്ന് രാവിലെ പുറത്തെടുത്തത്. ഇവരുടെ രക്ഷപ്പെടുത്തല്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന മറ്റുള്ളവരും ജീവനോടെയുണ്ടാകാമെന്ന പ്രതീക്ഷ ശക്തമാക്കിയിട്ടുണ്ട്. തുരങ്കത്തിനുള്ളില്‍ ഏകദേശം 170 മീറ്റര്‍ ആഴത്തിലാണ് ഇരുവരെയും കണ്ടെത്തിയതെന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നേപ്പാള്‍ സൈന്യത്തിന്റെ വക്താവ് അറിയിച്ചു.

തുരങ്കത്തിനുള്ളില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് രക്ഷപ്പെട്ട എഞ്ചിനീയര്‍മാര്‍ രക്ഷാപ്രവര്‍ത്തകരോട് പറഞ്ഞതായാണ് വിവരം. ഇതോടെ കൂടുതല്‍ പേരെ ജീവനോടെ പുറത്തെടുക്കാനുള്ള ശ്രമം രക്ഷാപ്രവര്‍ത്തകര്‍ ശക്തമാക്കി. സഞ്ജയ് സാഹയെ തുരങ്കത്തിന് പുറത്തേക്ക് എത്തിച്ച ശേഷം ഓക്‌സിജന്‍ നല്‍കിയതായി നേപ്പാള്‍ ഇലക്ട്രിസിറ്റി അതോറിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സുരേഷ് റാവത്ത് പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഈ ഘട്ടം പ്രതീക്ഷ നല്‍കുന്നതാണെന്ന് സാഹയുടെ സഹപ്രവര്‍ത്തകന്‍ സുരേഷ് ചൗധരിയും പ്രതികരിച്ചു.

കഴിഞ്ഞ ആഴ്ച നദിയിലൂടെ കുത്തിയൊലിച്ചെത്തിയ കല്ലും മണ്ണും ചെളിയും പ്രദേശത്തെ നിരവധി ജലവൈദ്യുത പദ്ധതികള്‍ക്ക് വലിയ നാശനഷ്ടമാണ് വരുത്തിയത്. അപ്പര്‍ ത്രിശൂലി 3എ പദ്ധതിയിലെ തുരങ്കത്തിന്റെ പ്രവേശന കവാടം കനത്ത ചെളിയില്‍ മൂടിയതോടെ തുരങ്കം കണ്ടെത്താന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ക്ക് ആറ് ദിവസത്തോളം വേണ്ടിവന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ രണ്ട് എഞ്ചിനീയര്‍മാരെ കണ്ടെത്തിയത്. തുരങ്കത്തിനുള്ളില്‍ നിന്ന് കൂടുതല്‍ ആളുകളുടെ ശബ്ദം കേള്‍ക്കുന്നുണ്ടെന്ന വിവരവും രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.

കഴിഞ്ഞ മാസം 26-നാണ് നേപ്പാളില്‍ ശക്തമായ മിന്നല്‍ പ്രളയമുണ്ടായത്. ത്രിശൂലി 3എ പദ്ധതിയുടെ തുരങ്കത്തില്‍ മാത്രം 40 തൊഴിലാളികള്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. നേപ്പാളിലെ വിവിധ ജലവൈദ്യുത പദ്ധതികളിലായി 900-ലേറെ തൊഴിലാളികള്‍ ജോലി ചെയ്തിരുന്നതായും ഇവരില്‍ 500ഓളം പേര്‍ തുരങ്കങ്ങളില്‍ കുടുങ്ങിയിരിക്കാമെന്നുമാണ് അധികൃതരുടെ പ്രാഥമിക നിഗമനം. രണ്ട് പേരെ പത്താം നാള്‍ ജീവനോടെ കണ്ടെത്തിയതോടെ തുരങ്കങ്ങളില്‍ കുടുങ്ങിയ മറ്റുള്ളവരെയും രക്ഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവര്‍ത്തകര്‍. കൂടുതല്‍ പേരെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുകയാണ്.

Share