2027 മാര്‍ച്ചോടെ എല്ലാ സംസ്ഥാനങ്ങളിലും ആന്റി നാര്‍ക്കോട്ടിക്‌സ് ടാസ്‌ക് ഫോഴ്‌സ്; മുഴുവന്‍ ചെലവും കേന്ദ്രം വഹിക്കും: അമിത് ഷാ

Published by
ജനം വെബ്‌ഡെസ്ക്

ഗോവ: രാജ്യത്തെ ലഹരിമുക്തമാക്കാന്‍ കര്‍ശന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. നശാമുക്ത് ഭാരത് പദ്ധതിയുടെ ഭാഗമായി 2027 മാര്‍ച്ചിനകം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ആന്റി നാര്‍ക്കോട്ടിക്‌സ് ടാസ്‌ക് ഫോഴ്‌സ് പൂര്‍ണ സജ്ജമാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. ടാസ്‌ക് ഫോഴ്‌സിന്റെ രൂപീകരണത്തിനുള്ള മുഴുവന്‍ ചെലവും കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗോവയിലെ പനാജിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അമിത് ഷാ കേന്ദ്ര സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ അറിയിച്ചത്. ലഹരിക്കേസുകളിലെ ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ 30 ദിവസത്തിനകം ലഭ്യമാക്കുന്നതിനുള്ള സംവിധാനവും ആഭ്യന്തര മന്ത്രാലയം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

2027 ജൂലൈ വരെയുള്ള കര്‍മപദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. പോലീസ്, നാര്‍ക്കോട്ടിക്‌സ് വിഭാഗങ്ങള്‍, ഇ.ഡി, സി.ബി.ഐ തുടങ്ങിയ കേന്ദ്ര-സംസ്ഥാന ഏജന്‍സികളെ ഏകോപിപ്പിക്കുന്നതിനായി ജോയിന്റ് കോര്‍ഡിനേഷന്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. അന്താരാഷ്‌ട്ര ബന്ധങ്ങളുള്ള ലഹരി ശൃംഖലകളെ ഉള്‍പ്പെടെ തകര്‍ക്കുന്നതിനാണ് ഏകോപിത നീക്കം. അന്വേഷണങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കേന്ദ്രതലം മുതല്‍ ജില്ലാ തലം വരെ നാഷണല്‍ നാര്‍ക്കോട്ടിക്‌സ് കോ-ഓര്‍ഡിനേഷന്‍ പോര്‍ട്ടലായ സംവിധാനവും ശക്തിപ്പെടുത്തിയിട്ടുണ്ട്. ലഹരി ഉപയോഗം കുറയ്‌ക്കുന്നതിന്റെ ഭാഗമായി 50 കോടി പൗരന്മാരിലേക്ക് ബോധവത്കരണം എത്തിക്കുകയാണ് ലക്ഷ്യമെന്ന് അമിത് ഷാ പറഞ്ഞു.

വിദ്യാഭ്യാസ, കായിക മന്ത്രാലയങ്ങള്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സാമൂഹ്യനീതി, ആരോഗ്യ വകുപ്പുകളും ജയില്‍ ഭരണകൂടവും ചേര്‍ന്ന് ലഹരിവിമുക്തി കേന്ദ്രങ്ങളുടെ എണ്ണം മൂന്നിരട്ടിയാക്കി 1,751 ആയി ഉയര്‍ത്തുമെന്നും അമിത് ഷാ വ്യക്തമാക്കി. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ 10,000 സന്നദ്ധപ്രവര്‍ത്തകരുടെ പങ്കാളിത്തവും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share
Published by
ജനം വെബ്‌ഡെസ്ക്