പാലക്കാട്: അട്ടപ്പാടി പുതൂര്‍ ചീരക്കടവില്‍ ഭവാനിപ്പുഴയോരത്ത് മൂന്ന് ചാക്കുകളിലായി യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ക്ക് അഞ്ച് ദിവസത്തോളം പഴക്കമുണ്ടെന്നാണ് ഫൊറന്‍സിക് പരിശോധനയില്‍ ലഭിച്ച സൂചന. ഞായറാഴ്ച ഉച്ചയോടെ കാലിമേക്കാനെത്തിയവരാണ് പുഴയോരത്ത് ഒഴുകിയെത്തി തങ്ങിക്കിടന്ന മൂന്ന് ചാക്കുകള്‍ കണ്ടത്. സംശയം തോന്നിയതിനെ തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസും ഫൊറന്‍സിക് സംഘവും നടത്തിയ പരിശോധനയിലാണ് ചാക്കുകളില്‍ മൃതദേഹാവശിഷ്ടങ്ങളുണ്ടെന്ന് കണ്ടെത്തിയത്.
രണ്ടാമത്തെ ചാക്കില്‍ ഏകദേശം 30 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെയും അഞ്ച് വയസ് പ്രായം തോന്നിക്കുന്ന പെണ്‍കുട്ടിയുടെയും മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. മറ്റൊരു ചാക്കിലും യുവതിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ക്ക് നാല് ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക പരിശോധനയിലെ വിലയിരുത്തല്‍. മൂന്ന് ദിവസം മുമ്പുവരെ പ്രദേശത്ത് ഭവാനിപ്പുഴയില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നുവെന്നാണ് വിവരം. ഞായറാഴ്ച ഒഴുക്ക് കുറഞ്ഞതോടെയാകാം ചാക്കുകള്‍ പുഴയോരത്ത് അടിഞ്ഞതെന്നാണ് പോലീസ് കരുതുന്നത്.
മേഖലയിലും തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളിലും അടുത്ത ദിവസങ്ങളില്‍ കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്. മൃതദേഹങ്ങളുടെ തിരിച്ചറിയലും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നു. കൃത്യത്തിന് ഒന്നിലധികം പേര്‍ക്ക് പങ്കുണ്ടാകാമെന്നാണ് പോലീസിന്റെ സംശയം. മൃതദേഹങ്ങള്‍ പൊതിഞ്ഞ് ചാക്കുകളില്‍ ഉപേക്ഷിച്ച രീതിയും മറ്റും കണക്കിലെടുത്താണ് ഈ നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതേദേഹങ്ങള്‍ കണ്ടെത്തിയത് തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്ക് വിതരണം ചെയ്യുന്ന ബിരിയാണി അരിയുടെ ചാക്കുകളിലാണെന്ന് പോലീസ് കണ്ടെത്തി.
ചാക്കുകള്‍ എവിടെനിന്നാണ് വാങ്ങിയതെന്ന് കണ്ടെത്താനുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. അഗളി ഡിവൈ.എസ്.പി. ആര്‍. അശോകന്റെ നേതൃത്വത്തിലാണ് അന്വേഷണം. അഗളി സി.ഐ. സി. രതീഷും പോലീസ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ഫൊറന്‍സിക് പരിശോധനാ ഫലങ്ങളും കാണാതായവരെക്കുറിച്ചുള്ള വിവരങ്ങളും ലഭിക്കുന്നതോടെ കേസില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.