ന്യൂഡല്‍ഹി: മൂന്ന് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകേസുകളില്‍ അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്ത് സിബിഐ. 42 കോടിയിലേറെ രൂപ തട്ടിയെന്ന കേസിലാണ് നടപടി. ഇതോടെ മൂന്ന് കേസുകളിലായി അറസ്റ്റിലായവരുടെ എണ്ണം എട്ടായി. സംഘടിത സൈബര്‍ കുറ്റകൃത്യ ശൃംഖലകള്‍ക്കെതിരായ സിബിഐയുടെ രാജ്യവ്യാപക നടപടി ‘ഓപ്പറേഷന്‍ ചക്ര-6’ന്റെ ഭാഗമായാണ് അറസ്റ്റുകള്‍. മൂന്ന് കേസുകളുമായി ബന്ധപ്പെട്ട് 20 സംസ്ഥാനങ്ങളിലായി 89 സ്ഥലങ്ങളില്‍ നടത്തിയ പരിശോധനകള്‍ക്ക് പിന്നാലെയാണ് പുതിയ അറസ്റ്റുകള്‍ നടന്നതെന്ന് സിബിഐ അറിയിച്ചു.
പോലീസ് ഉദ്യോഗസ്ഥരെന്ന് തെറ്റിദ്ധരിപ്പിച്ച് ഇരകളെ ദീര്‍ഘകാലം ‘ഡിജിറ്റല്‍ അറസ്റ്റ്’ ചെയ്ത ശേഷമാണ് വന്‍തുക തട്ടിയെടുത്തതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ന്യൂഡല്‍ഹി സ്വദേശികളായ ആരിഫ് എന്ന കിംഗ് ഭായ്, ഹാരി എന്ന ഹാരി, ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശി ശശാങ്ക് സിംഗ് എന്ന രവി എന്നിവര്‍ക്കെതിരെയും സിബിഐ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇരകളില്‍ നിന്ന് പണം സ്വീകരിക്കാന്‍ ബാങ്ക് അക്കൗണ്ടുകള്‍ ലഭ്യമാക്കുകയും പിന്നീട് ഒന്നിലധികം അക്കൗണ്ടുകളിലൂടെ പണം കൈമാറുകയും ചെയ്‌തെന്നാണ് ആരോപണം. അക്കൗണ്ട് ഉടമകളുടെ മൊബൈല്‍ ഫോണുകളില്‍ APK ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്തതായും സിബിഐ പറഞ്ഞു.
ഈ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ബാങ്കില്‍ നിന്നുള്ള എസ്എംഎസ് അലര്‍ട്ടുകള്‍ കൈക്കലാക്കാനും അക്കൗണ്ടുകള്‍ രഹസ്യമായി നിയന്ത്രിക്കാനും പ്രതികള്‍ക്ക് സാധിച്ചെന്നാണ് അന്വേഷണ ഏജന്‍സിയുടെ ആരോപണം. ബിഐടിഎസ് പിലാനി, ഗുജറാത്ത്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മൂന്ന് കേസുകളിലെയും പരാതിക്കാര്‍. അന്വേഷണത്തില്‍ വിപുലമായ സംഘടിത ശൃംഖലയെക്കുറിച്ചും തട്ടിയെടുത്ത പണം വിവിധ ഇടങ്ങളിലേക്ക് കൈമാറിയ രീതിയെക്കുറിച്ചും വിവരങ്ങള്‍ ലഭിച്ചുവരികയാണെന്ന് സിബിഐ വ്യക്തമാക്കി.
ബിഐടിഎസ് പിലാനിയുമായി ബന്ധപ്പെട്ട കേസില്‍ ഇരയെ മൂന്ന് മാസത്തോളം ഡിജിറ്റല്‍ അറസ്റ്റില്‍ നിര്‍ത്തി 7.67 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഗുജറാത്തിലെ മറ്റൊരു ഇരയെ മൂന്ന് മാസത്തോളം ഡിജിറ്റല്‍ അറസ്റ്റില്‍ നിര്‍ത്തി 19.24 കോടി രൂപ തട്ടിയെടുത്തതായും അന്വേഷണ സംഘം ആരോപിക്കുന്നു. മൂന്ന് കേസുകളിലുമായി തട്ടിപ്പിനിരയായവരില്‍ നിന്ന് 42 കോടിയിലേറെ രൂപയാണ് പ്രതികള്‍ കൈക്കലാക്കിയതെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. കേസിലെ മറ്റ് പ്രതികളിലേക്കും പണമിടപാടുകളുടെ ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.