മുംബൈ: വർഷങ്ങളായി റം എന്ന് കരുതി കുടിച്ചിരുന്നത് യഥാർഥ റം അല്ല. ജനപ്രിയ ബ്രാൻഡായ ഓൾഡ് മങ്ക് സംബന്ധിച്ച് പുതിയ വിവാദമാണ് ഉയരുന്നത്. നിലവിലെ രൂപത്തിൽ ഓൾഡ് മങ്കിനെ ‘റം’ എന്ന പേരിൽ വിൽക്കാനാകില്ലെന്ന് ഭക്ഷ്യസുരക്ഷാ മാനദണ്ഡ അതോറിറ്റിയായ എഫ്‌എസ്‌എസ്‌എഐ ബോംബെ ഹൈക്കോടതിയെ അറിയിച്ചു.
ന്യൂട്രൽ സ്പിരിറ്റിൽ റം ഫ്ലേവറിംഗ് ചേർത്താണ് ഉത്പന്നം തയ്യാറാക്കുന്നതെന്നും അതിനാൽ റം അല്ലെന്നുമാണ് എഫ്‌എസ്‌എസ്‌എഐയുടെ നിലപാട്. ഇതിനെ ‘റം ഫ്ലേവേഡ് സ്പിരിറ്റ്’ എന്ന് വിശേഷിപ്പിക്കണമെന്നും അധികൃതർ കോടതിയെ അറിയിച്ചു. വിവാദം കനത്തതോടെ മഹാരാഷ്‌ട്രയിൽ ഓൾഡ് മങ്കിന്റെ വിൽപ്പന നിർത്തിവച്ചതായാണ് റിപ്പോർട്ട്. പ്രതിദിനം ഏകദേശം ഒരു കോടി രൂപയുടെ നഷ്ടം കമ്പനിക്കുണ്ടാകുന്നതായും റിപ്പോർട്ടുകളുണ്ട്.
‘സെവൻ ഇയേഴ്സ് ഓൾഡ് ബ്ലെൻഡഡ്’ വിവാദം
ഓൾഡ് മങ്ക് ബോട്ടിലുകളിൽ ഉപയോഗിച്ചിരുന്ന ‘Seven Years Old Blended’ (ഏഴ് വർഷം പഴക്കമുള്ള മിശ്രിതം) എന്ന വാചകത്തിനെതിരെയാണ് എഫ്‌എസ്‌എസ്‌എഐ നേരത്തെ രംഗത്തെത്തിയത്. ഇതിനെ ചോദ്യം ചെയ്ത് ഓൾഡ് മങ്കിന്റെ നിർമാതാക്കളായ മോഹൻ റോക്കി സ്പ്രിംഗ് വാട്ടർ നൽകിയ ഹർജിയിലാണ് അതോറിറ്റി നിലപാട് വ്യക്തമാക്കിയത്.
ബ്ലെൻഡിൽ പാകമായ റം സ്പിരിറ്റിന്റെ അളവ് അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണെന്നും, ‘Seven Years Old Blended’ എന്ന വാചകം ഉപഭോക്താക്കളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുമെന്നുമാണ് എഫ്‌എസ്‌എസ്‌എഐയുടെ വാദം. മദ്യത്തിൽ ചേർത്തിരിക്കുന്ന ഫ്ലേവറിംഗിനെക്കുറിച്ചുള്ള വിവരങ്ങൾ ലേബലിൽ വളരെ ചെറിയ അക്ഷരത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഇത് ഉപഭോക്താക്കൾക്ക് കണ്ടെത്താനും വായിക്കാനും ബുദ്ധിമുട്ടാണെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.
‘ഓൾഡ് ബ്ലെൻഡഡ്’ ഒഴിവാക്കും
ഫ്ലേവറിംഗുമായി ബന്ധപ്പെട്ട വിവരങ്ങൾ ലേബലിൽ കൂടുതൽ വലുപ്പത്തിലുള്ള അക്ഷരങ്ങളിൽ രേഖപ്പെടുത്താമെന്ന് നിർമാണക്കമ്പനി കോടതിയെ അറിയിച്ചു. ‘Seven Years Old Blended’ എന്ന വാചകം ഒഴിവാക്കാനും കമ്പനി സമ്മതിച്ചിട്ടുണ്ട്. അതേസമയം, തങ്ങൾ ഇതുവരെ വഞ്ചിക്കപ്പെട്ടിരുന്നുവെന്ന ആരോപണവുമായി നിരവധി ഓൾഡ് മങ്ക് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. കേസ് സെപ്റ്റംബർ 11ന് വീണ്ടും പരിഗണിക്കും.















