കൊച്ചി: ചെക്ക് കേസുകളില്‍ ശിക്ഷിക്കപ്പെട്ട പാലാ എംഎല്‍എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കേസിലെ പരാതിക്കാരനായ പ്രവാസി വ്യവസായിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. സെപ്റ്റംബര്‍ ഒന്നുമുതല്‍ കാപ്പന്‍ അയോഗ്യനാണെന്നാണ് ഹര്‍ജിയിലെ വാദം. അയോഗ്യത സംബന്ധിച്ച് നിയമസഭാ സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. നടപടി നീട്ടിക്കൊണ്ടുപോകാനാണ് സ്പീക്കറുടെ ശ്രമമെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്.
ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ എംഎല്‍എ എന്ന നിലയില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ മാണി സി കാപ്പന് അനുവദിക്കുന്നത് തടയണമെന്നും പാലാ നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും. നാല് ചെക്ക് കേസുകളിലായി മൂന്നര വര്‍ഷം തടവും 5.30 കോടി രൂപ പിഴയുമാണ് മാണി സി കാപ്പന് മുംബൈ ബോറിവലി മജിസ്‌ട്രേറ്റ് കോടതി വിധിച്ചത്.
അതേസമയം, കാപ്പനെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട് കഴിഞ്ഞദിവസം കോടതി പിന്‍വലിച്ചിരുന്നു. വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്. കാപ്പന്‍ നേരിട്ട് കോടതിയില്‍ ഹാജരായി അപേക്ഷ നല്‍കിയതിന് പിന്നാലെയാണ് വാറണ്ട് പിന്‍വലിക്കാന്‍ കോടതി ഉത്തരവിട്ടത്. ശിക്ഷാവിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തെ സാവകാശം ലഭിച്ചിട്ടുണ്ടെന്ന് കാപ്പന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.















