ന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധ ഇനം മൂര്‍ഖന്‍ പാമ്പുകളുടെ വിഷത്തെ ഒരേസമയം നിര്‍വീര്യമാക്കാന്‍ ശേഷിയുള്ള പുതിയ നാനോ ബോഡി ആന്റിവെനം വികസിപ്പിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ (ഐഐഎസ്സി) ഗവേഷകര്‍. ഡെന്‍മാര്‍ക്ക് ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെയാണ് ഗവേഷണം. സ്‌പെക്ടക്കിള്‍ഡ് കോബ്ര, മോണോക്ല്ഡ് കോബ്ര, കിങ് കോബ്ര തുടങ്ങിയ പാമ്പുകളുടെ വിഷത്തിനെതിരെ ഫലപ്രദമാകുന്ന ആന്റിവെനമാണ് വികസിപ്പിച്ചത്. നിലവില്‍ വിവിധ ഇനം മൂര്‍ഖന്‍ പാമ്പുകളുടെ വിഷത്തിനെതിരെ ഒരുപോലെ പ്രവര്‍ത്തിക്കുന്ന ആന്റിവെനം ലഭ്യമല്ല.
വ്യത്യസ്ത ഇനം മൂര്‍ഖന്‍ പാമ്പുകളുടെ വിഷത്തെ ലക്ഷ്യമിടുന്ന അഞ്ച് നാനോ ആന്റിബോഡികളുടെ സംയോജനമാണ് പുതിയ ആന്റിവെനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒട്ടകം പോലുള്ള മൃഗങ്ങളുടെ ശരീരത്തില്‍ കാണപ്പെടുന്ന പ്രത്യേക നാനോ ആന്റിബോഡികളില്‍ നിന്നാണ് ഇവ വികസിപ്പിച്ചത്. ഐഐഎസ്സിയിലെ ലീഡ് ഗവേഷകന്‍ ഡോ. കാര്‍ത്തിക് സുനഗറുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം. പശ്ചിമഘട്ടത്തിലും വടക്കുകിഴക്കന്‍ ഇന്ത്യയിലും കാണപ്പെടുന്ന രാജവെമ്പാല ഉള്‍പ്പെടെയുള്ള വിവിധ ഇനം മൂര്‍ഖന്‍ പാമ്പുകളുടെ വിഷത്തെ ഈ ‘കോക്ക്‌ടെയില്‍’ നാനോ ആന്റിബോഡിക്ക് നിര്‍വീര്യമാക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ വ്യക്തമാക്കി.
പുതിയ ആന്റിവെനത്തിന്റെ ലാബ് പരീക്ഷണങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. എലികളില്‍ നടത്തിയ മൂന്ന് ഘട്ട പരീക്ഷണങ്ങളിലും ഫലപ്രാപ്തി തെളിയിച്ചതായാണ് ഗവേഷകര്‍ അറിയിച്ചത്. എന്നാല്‍ മനുഷ്യരിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. അതിനാല്‍ മനുഷ്യരില്‍ ഉപയോഗിക്കാവുന്ന ചികിത്സയായി ഇത് നിലവില്‍ ലഭ്യമല്ല. ഇന്ത്യയില്‍ 310 ഇനം പാമ്പുകളുള്ളതില്‍ ഏകദേശം 60 ഇനങ്ങള്‍ മാരകവിഷമുള്ളവയാണെന്നാണ് ഗവേഷകര്‍ പറയുന്നത്. നിലവിലെ ആന്റിവെനങ്ങളുടെ പ്രധാന പരിമിതികള്‍ മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ ഗവേഷണം.
പുതിയ ആന്റിവെനം പ്രധാനമായും മൂര്‍ഖന്‍ പാമ്പുകളുടെ വിഷത്തെ ലക്ഷ്യമിട്ടുള്ളതാണ്. ശംഖുവരയന്‍, അണലി തുടങ്ങിയ മറ്റ് വിഷപ്പാമ്പുകളുടെ വിഷത്തിനെതിരെ ഇത് ഫലപ്രദമല്ല. ഡെന്‍മാര്‍ക്ക് ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ആന്‍ഡ്രിയാസ് ലൗസന്‍, ആന്‍ യംഗാഴ്സ്, കാര്‍ത്തിക് സുനഗര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗവേഷണത്തിന് പിന്നില്‍. ആഫ്രിക്കന്‍ പാമ്പുകളുടെ വിഷത്തിനെതിരെ നേരത്തെ വികസിപ്പിച്ച നാനോ ആന്റിബോഡി സാങ്കേതികവിദ്യയാണ് ഇന്ത്യന്‍ പാമ്പുകളുടെ വിഷത്തിനെതിരായ പുതിയ ഗവേഷണത്തിന് വഴിയൊരുക്കിയത്.















