കള്ളക്കുറിച്ചി: അധ്യാപകനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയിരുന്ന പത്താംക്ലാസുകാരി തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയില്‍ മരിച്ചു. സംഭവത്തില്‍ അധ്യാപകന് ജഗദീശനെ പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു.സ്കൂളില്‍വച്ച് അധ്യാപകന് മോശമായി സ്പര്‍ശിച്ചെന്ന പരാതി പെണ്‍കുട്ടി നല്‍കിയിരുന്നതായി പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകനെതിരായ ആരോപണങ്ങളും പെണ്‍കുട്ടിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും വിശദമായി അന്വേഷിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
കേസില്‍ അധ്യാപകനെതിരെ പോക്സോ നിയമപ്രകാരമുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. പരാതിയില്‍ പറയുന്ന കാര്യങ്ങളുടെ നിജസ്ഥിതിയും സംഭവത്തിന്റെ മറ്റ് വശങ്ങളും അന്വേഷണത്തിലൂടെ വ്യക്തമാകുമെന്ന് പൊലീസ് അറിയിച്ചു. തമിഴ്നാട്ടില്‍ കൊലപാതകങ്ങള്‍, കസ്റ്റഡി മരണങ്ങള്, ദുരഭിമാനക്കൊലകള്‍ തുടങ്ങിയ സംഭവങ്ങള്‍ വര്‍ധിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതിനിടെയാണ് പുതിയ സംഭവം. എന്നാല്‍ സംസ്ഥാനത്തെ ഓരോ കുറ്റകൃത്യത്തെയും ക്രമസമാധാന പ്രശ്നമായി മാത്രം വിലയിരുത്തേണ്ടതില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി വിജയ് നിയമസഭയില്‍ സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.















