ന്യൂഡല്‍ഹി: ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുത്തുന്നതിന് അതിര്‍ത്തി പ്രദേശങ്ങളിലെ സമാധാനവും ശാന്തതയും അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡല്‍ഹിയില്‍ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയിലാണ് മോദി നിലപാട് വ്യക്തമാക്കിയത്. അതേസമയം, ഇന്ത്യയ്ക്കും ചൈനയ്ക്കും പരസ്പരം പഠിക്കാനും സഹകരിച്ച് പൊതുവായ വികസനം കൈവരിക്കാനും കഴിയുമെന്ന് ഷി ജിന്‍പിങ് പറഞ്ഞു. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷി ജിന്‍പിങ് ഇന്ത്യയിലെത്തിയ സാഹചര്യത്തില്‍ നടന്ന കൂടിക്കാഴ്ച ഏകദേശം 50 മിനിറ്റ് നീണ്ടു. അതിര്‍ത്തി വിഷയങ്ങള്‍ക്കൊപ്പം വ്യാപാരം, നിക്ഷേപം, ഉഭയകക്ഷി സഹകരണം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയായി.
അതിര്‍ത്തി പ്രദേശങ്ങളിലെ സമാധാനവും ശാന്തതയും ഉഭയകക്ഷി ബന്ധത്തിന്റെ തുടര്‍വികസനത്തിന് അടിസ്ഥാനമാണെന്ന് മോദി വ്യക്തമാക്കി. അതിര്‍ത്തി സംബന്ധിച്ച നിലവിലുള്ള കരാറുകളും ധാരണകളും ഇരുപക്ഷവും പാലിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. അഭിപ്രായവ്യത്യാസങ്ങള്‍ തര്‍ക്കങ്ങളായി മാറരുതെന്നും പരസ്പര ബഹുമാനം, പരസ്പര സംവേദനക്ഷമത, പരസ്പര താല്‍പ്പര്യം എന്നിവ അടിസ്ഥാനമാക്കി ബന്ധം മുന്നോട്ടുകൊണ്ടുപോകണമെന്നും മോദി വ്യക്തമാക്കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബ്രിക്സ് ഉച്ചകോടിക്ക് ചൈന നല്കിയ പിന്തുണയ്ക്കും സഹകരണത്തിനും നന്ദി അറിയിച്ച മോദി, ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള അവസരമാണ് കൂടിക്കാഴ്ചയെന്നും പറഞ്ഞു.
ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് പരസ്പര പ്രയോജനകരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ തുല്യവും ചിട്ടയുള്ളതുമായ ബഹുധ്രുവ ലോകത്തിനായി ഇന്ത്യയും ചൈനയും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങളും ഗ്ലോബല്‍ സൗത്തിലെ പ്രധാന അംഗങ്ങളുമായ ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ ഉത്തരവാദിത്തങ്ങളുണ്ടെന്നും ഷി പറഞ്ഞു. ബ്രിക്സ് ചട്ടക്കൂടിനുള്ളില്‍ കൂടുതല്‍ സഹകരണം മുന്നോട്ടുകൊണ്ടുപോകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 2020ലെ ഗാല്‍വാന്‍ സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യ-ചൈന ബന്ധത്തില്‍ വലിയ ഉലച്ചില്‍ സംഭവിച്ചിരുന്നു. എന്നാല്‍ ബന്ധം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനായി ഇരുരാജ്യങ്ങളും പിന്നീട് വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി.
അതിര്‍ത്തിയിലെ സമാധാനവും ശാന്തതയും ഉറപ്പാക്കുന്നതിനും അതിര്‍ത്തി കടന്നുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മില്‍ കഴിഞ്ഞ മാസം പ്രത്യേക പ്രതിനിധിതല ചര്‍ച്ചകള്‍ നടന്നിരുന്നു.















