തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ യൂണിറ്റിന് 30 രൂപ വരെ നല്‍കി പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബി. പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഒഴിവാക്കുന്നതിനായി അടിയന്തരമായി വൈദ്യുതി വാങ്ങാനുള്ള തീരുമാനം ചൂണ്ടിക്കാട്ടി കെഎസ്ഇബി ഇന്ന് സര്‍ക്കാരിന് കത്ത് നല്‍കും. തിങ്കളാഴ്ച മുതല്‍ തന്നെ അധിക വൈദ്യുതി ലഭ്യമാക്കുകയാണ് ലക്ഷ്യം. നിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് കെഎസ്ഇബിക്ക് സാമ്പത്തിക സഹായം അനുവദിക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെടും. നിലവില്‍ യൂണിറ്റിന് പരമാവധി 10 രൂപ വരെ നിരക്കില്‍ വൈദ്യുതി വാങ്ങാനാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അനുമതിയുള്ളത്.
എന്നാല്‍ വൈദ്യുതി ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബി സ്വയം തീരുമാനിക്കുകയായിരുന്നു. മറ്റ് സംസ്ഥാനങ്ങളും ഉയര്‍ന്ന വില നല്‍കി വൈദ്യുതി വാങ്ങിയാണ് നിലവിലെ പ്രതിസന്ധി നേരിടുന്നതെന്ന് സര്‍ക്കാരിന് നല്‍കുന്ന കത്തില്‍ കെഎസ്ഇബി ചൂണ്ടിക്കാട്ടും. എന്‍ടിപിസിയുടെ രത്‌നഗിരി പവര്‍ പ്ലാന്റില്‍ നിന്ന് യൂണിറ്റിന് 30 രൂപ നിരക്കില്‍ 300 മെഗാവാട്ട് വൈദ്യുതി ഈ മാസം 30 വരെ ലഭ്യമാക്കും. ഒഡിഷയില്‍ നിന്ന് യൂണിറ്റിന് 10 രൂപ നിരക്കില്‍ 150 മെഗാവാട്ടും ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനില്‍ നിന്ന് 150 മെഗാവാട്ടും വാങ്ങാനും ധാരണയായിട്ടുണ്ട്.
കൂടുതല്‍ വൈദ്യുതി ഉറപ്പാക്കുന്നതിനായി ബിഹാര്‍, മഹാരാഷ്‌ട്ര, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ വൈദ്യുതി വിതരണ കമ്പനികളുമായി ചര്‍ച്ച നടത്താന്‍ കെഎസ്ഇബി ഡയറക്ടര്‍മാര്‍ യാത്ര തിരിച്ചു. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയരുന്ന ദിവസങ്ങളില്‍ 800 മെഗാവാട്ട് വരെ അധിക വൈദ്യുതി പുറത്തുനിന്ന് ആവശ്യമായി വരുന്നുണ്ട്. ഇതില്‍ 600 മെഗാവാട്ട് ഉറപ്പാക്കാന്‍ കഴിഞ്ഞാല്‍ ശേഷിക്കുന്ന കുറവ് തത്സമയ വൈദ്യുതി വിപണിയില്‍ നിന്നോ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ പരിഹരിക്കാനാകുമെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടല്‍. വൈദ്യുതി ലഭ്യത ഉറപ്പാക്കി പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഒഴിവാക്കുന്നതിനാണ് കെഎസ്ഇബി അടിയന്തര നടപടികളിലേക്ക് നീങ്ങുന്നത്.