മട്ടാഞ്ചേരി: കാലില്‍ ആണി തുളച്ചുകയറിയ 12കാരന് ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ പോലും നല്‍കിയില്ലെന്ന് പരാതി. കൂട്ടുകാര്‍ക്കൊപ്പം ഓടിക്കളിക്കുന്നതിനിടെയാണ് മട്ടാഞ്ചേരി പുതുക്കാട്ടുപറമ്പില്‍ താമസിക്കുന്ന നാസറിന്റെ മകന്‍ മുഹമ്മദിന്റെ (12) കാല്‍വിരലില്‍ ആണി തുളച്ചുകയറിയത്. കാല്‍വിരലില്‍ തുളച്ചുകയറിയ ആണി മറുവശത്തുകൂടി പുറത്തേക്ക് എത്തിയ നിലയിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പരിക്കേറ്റ് രക്തസ്രാവമുണ്ടായ കുട്ടിയെ ഉടന്‍ ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
എന്നാല്‍ ഇവിടെ ചികിത്സ നല്‍കാതെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് പറഞ്ഞ് മടക്കി അയച്ചതായാണ് രക്ഷിതാക്കളുടെ ആരോപണം. കുട്ടിയെ ആശ്വസിപ്പിക്കാനോ അടിയന്തരമായി ആംബുലന്‍സ് സൗകര്യം ഒരുക്കാനോ ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ന്ന് കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ ചികിത്സയില്‍ ഏതാനും മിനിറ്റുകള്‍ക്കകം കാല്‍വിരലില്‍ തുളച്ചുകയറിയ ആണി പുറത്തെടുത്തതായി ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങളില്‍ വിശദീകരണം ലഭിച്ചിട്ടില്ല.