തിരുവനന്തപുരം: പിണറായി വിജയന്റെ മകള്‍ ടി. വീണ ഉള്‍പ്പെട്ടതായി ആരോപിക്കുന്ന ഹവാല, വിദേശ പണമിടപാടുകളില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംസ്ഥാന പൊലീസ് മേധാവിക്ക് കത്തയച്ചതായി റിപ്പോര്‍ട്ട്. വീണയുടെ പക്കല്‍നിന്ന് ലഭിച്ച ഡയറിയിലെ കുറിപ്പുകള്‍, പണമിടപാടുകളുടെ വിവരങ്ങള്‍, വാട്സാപ് ചാറ്റുകള്‍ എന്നിവ പ്രധാന തെളിവുകളാണെന്നാണ് ഇഡി കത്തില്‍ ചൂണ്ടിക്കാട്ടുന്നതെന്നാണ് വിവരം.
2024 ജൂലൈ മുതല്‍ 2025 ജൂലൈ വരെയുള്ള കാലയളവില്‍ ഹവാല, വിദേശ പണമിടപാടുകള്‍ നടന്നതായാണ് ഇഡിയുടെ കണ്ടെത്തല്‍. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റകൃത്യങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുക്കണമെന്ന് അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. മുഹമ്മദ് റിയാസിനെതിരെയും ഇഡി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നാണ് വിവരം. ദുബായിലുള്ള വി.പി. ഫൈജാസിന് വീണയുടെ നിര്‍ദേശപ്രകാരം 85 ലക്ഷം രൂപ കൈമാറിയതായി രേഖകളുണ്ടെന്നാണ് ഇഡി കത്തില്‍ പറയുന്നതായി റിപ്പോര്‍ട്ട്.
ഇതില്‍ 3.49 ലക്ഷം ദിര്‍ഹം ഫൈജാസ് കൈപ്പറ്റിയതായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നതായാണ് വിവരം. 2024ല്‍ വീണ നടത്തിയ നാല് ദുബായ് യാത്രകളെക്കുറിച്ചും അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും മറ്റ് വിവരങ്ങളും പരിശോധിച്ച ശേഷമാണ് കേസെടുക്കണമെന്ന് ഇഡി ആവശ്യപ്പെട്ടതെന്നാണ് വിവരം. 2024ല്‍ വീണയ്‌ക്ക് സ്വന്തമായി വരുമാനമാര്‍ഗങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും മുഹമ്മദ് റിയാസിനൊപ്പമാണ് താമസിച്ചിരുന്നതെന്നും ഇഡി കത്തില്‍ പറയുന്നതായി റിപ്പോര്‍ട്ട്. വീണയുടെ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുള്ള വലിയ തുകകളുടെ ഇടപാടുകള്‍ റിയാസുമായി ബന്ധപ്പെട്ടതാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തലെന്ന് ഇഡി ചൂണ്ടിക്കാട്ടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.