തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആറ് കിലോ കഞ്ചാവ് പിടികൂടി; ഒഡീഷ സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റില്‍

Published by
ജനം വെബ്‌ഡെസ്ക്

മലപ്പുറം: തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആര്‍.പി.എഫും എക്സൈസും നടത്തിയ സംയുക്ത പരിശോധനയില്‍ ട്രെയിനില്‍ കടത്തുകയായിരുന്ന ആറ് കിലോ കഞ്ചാവ് പിടികൂടി. സംഭവത്തില്‍ ഒഡീഷ കണ്ടമര്‍ സ്വദേശികളായ അനില്‍ കഹ്നാര്‍ (19), ദേ ബോസിസ് പ്രധാന്‍ (19) എന്നിവരെ അറസ്റ്റ് ചെയ്തു. ഇരുവരും ചക്കാമ്പാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്നവരാണ്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെ തിരൂരിലെത്തിയ ചെന്നൈ-മംഗലാപുരം ട്രെയിനില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പനയ്‌ക്കായി എത്തിച്ചതെന്നാണ് എക്സൈസ് അധികൃതരുടെ പ്രാഥമിക വിവരം.

ഇരുവരും രണ്ട് ബാഗുകളിലായി ലഹരിവസ്തു ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്നതായാണ് അധികൃതര്‍ പറയുന്നത്. തിരൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.എസ്. പ്രശോഭിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസര്‍ രവീന്ദ്രനാഥ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിനീഷ്, അഖിലേഷ്, വിഷ്ണു, ധനേഷ് എന്നിവരും ആര്‍.പി.എഫ്. എസ്.ഐ എല്‍. ബിനു, എ.എസ്.ഐമാരായ കെ. ശശി, കെ.വി. ഹരിഹരന്‍, സ്‌പെഷ്യല്‍ സ്‌ക്വാഡ് എ.എസ്.ഐ സജി അഗസ്റ്റിന്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ ടി. വിജേഷ്, എ. സജീവന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

പിടിയിലായ പ്രതികളെ തിരൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തില്‍ വിശദമായ പരിശോധനയ്‌ക്ക് വിധേയരാക്കി. കസ്റ്റഡിയിലുള്ള പ്രതികളെയും പിടിച്ചെടുത്ത കഞ്ചാവും കോടതിയില്‍ ഹാജരാക്കുമെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു.

Share