സൗദി അറേബ്യയിൽ വൻ ധാതുനിക്ഷേപം കണ്ടെത്തിയതായി റിപ്പോർട്ട്. മദീന മേഖലയിലെ ജബൽ സയിദിൽ ഏകദേശം 11 കോടി ടൺ ധാതുദ്രവ്യങ്ങളാണ് കണ്ടെത്തിയത്. അപൂർവ ഭൂമിധാതുക്കൾക്ക് പുറമെ യുറേനിയത്തിന്റെ സാന്നിധ്യവും കണ്ടെത്തിയതായി സൗദി ഊർജമന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൽമാൻ അറിയിച്ചു.
വിയന്നയിൽ നടന്ന അന്താരാഷ്‌ട്ര ആണവോർജ ഏജൻസിയുടെ (IAEA) ജനറൽ കോൺഫറൻസിലാണ് സൗദി മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജിയോളജിക്കൽ പഠനങ്ങളുടെയും പര്യവേക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് നിക്ഷേപം കണക്കാക്കിയിരിക്കുന്നത്.
ജബൽ സയിദിലെ ധാതുനിക്ഷേപത്തിൽ അപൂർവ്വ ധാതുക്കൾക്ക് ഉയർന്ന സാന്ദ്രതയുണ്ടെന്നാണ് കണ്ടെത്തൽ. വൈദ്യുത വാഹനങ്ങൾ, ബാറ്ററികൾ, ഇലക്ട്രോണിക്സ്, പ്രതിരോധ സാങ്കേതികവിദ്യ തുടങ്ങി നിരവധി മേഖലകളിൽ അപൂർവ്വ ധാതുക്കൾക്ക് വലിയ പ്രാധാന്യമുണ്ട്. അതിനാൽ കണ്ടെത്തൽ സൗദിയുടെ ഖനന മേഖലയ്‌ക്ക് നിർണായകമായേക്കും.
സൗദി അറേബ്യയുടെ സിവിലിയൻ ആണവോർജ പദ്ധതിക്ക് പുതിയ കണ്ടെത്തൽ കൂടുതൽ പ്രാധാന്യമുള്ളതാണ്. ഊർജസ്രോതസുകളുടെ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ആഭ്യന്തരമായി യുറേനിയം ശേഖരിക്കുന്നതിനും ആണവ വൈദ്യുതി വികസിപ്പിക്കുന്നതിനും രാജ്യം ശ്രമിച്ചുവരികയാണ്. അമേരിക്കയുമായി അടുത്തിടെ സൗദി സിവിലിയൻ ആണവോർജ സഹകരണ കരാറിൽ ഏർപ്പെട്ടിരുന്നു.
എണ്ണയ്‌ക്ക് അപ്പുറം സൗദിയുടെ പുതിയ നീക്കം
Vision 2030യുടെ ഭാഗമായി എണ്ണയെ മാത്രം ആശ്രയിക്കുന്ന സമ്പദ്‌വ്യവസ്ഥയിൽ നിന്ന് മാറാനാണ് സൗദി ശ്രമിക്കുന്നത്. അപൂർവ്വ ധാതുക്കൾക്ക് യുറേനിയത്തിന്റെയും വൻ നിക്ഷേപം ഈ തന്ത്രത്തിന് കൂടുതൽ കരുത്തേകുമെന്നാണ് വിലയിരുത്തൽ.















