പാകിസ്താന്‍-ചൈന അതിര്‍ത്തി ജോയിന്റ് കമ്മീഷന്‍ തള്ളി ഇന്ത്യ; നിയമപരമായ അടിത്തറയില്ലാത്ത ഇത്തരം സംവിധാനങ്ങള്‍ അംഗീകരിക്കാനാകില്ല: വിദേശകാര്യ മന്ത്രാലയം

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: പാകിസ്താനും ചൈനയും ചേര്‍ന്ന് രൂപീകരിച്ച ‘പാകിസ്താന്‍-ചൈന അതിര്‍ത്തി ജോയിന്റ് കമ്മീഷന്‍’ തള്ളി ഇന്ത്യ. പാകിസ്താനും ചൈനയ്‌ക്കുമിടയില്‍ ഇന്ത്യ അംഗീകരിക്കുന്ന അതിര്‍ത്തിയില്ലെന്നും നിയമപരമായ അടിത്തറയില്ലാത്ത ഇത്തരം സംവിധാനങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ ആണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. പാകിസ്താനും ചൈനയ്‌ക്കുമിടയിലെ അതിര്‍ത്തി സംബന്ധിച്ച ഇത്തരം ക്രമീകരണങ്ങള്‍ക്ക് ഇന്ത്യയുടെ അംഗീകാരമില്ലെന്നും നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണെന്നും അദ്ദേഹം പറഞ്ഞു.

1963ലെ ചൈന-പാകിസ്താന്‍ അതിര്‍ത്തി കരാര്‍ ഇന്ത്യ അംഗീകരിച്ചിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു. ഇന്ത്യയുടെ പരമാധികാര പ്രദേശങ്ങളുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതിയില്‍ മാറ്റം വരുത്തുന്നതിനോ അവകാശവാദങ്ങള്‍ക്ക് നിയമസാധുത നല്‍കുന്നതിനോ ഉള്ള ശ്രമങ്ങളെ ഇന്ത്യ എതിര്‍ക്കുന്നതായും ജയ്‌സ്വാള്‍ വ്യക്തമാക്കി. ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണെന്ന നിലപാടും വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു. ഇന്ത്യയുടെ പ്രദേശങ്ങളുമായി ബന്ധപ്പെട്ട് പാകിസ്താനും ചൈനയും നടത്തുന്ന ഏതൊരു അതിര്‍ത്തി സഹകരണവും അംഗീകരിക്കാനാകില്ലെന്നും ഇത്തരം നടപടികള്‍ ഇന്ത്യയുടെ പരമാധികാരത്തെ ബാധിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം ‘എക്സ്’ പ്ലാറ്റ്ഫോമിലൂടെയാണ് പാകിസ്താന്‍-ചൈന അതിര്‍ത്തി ജോയിന്റ് കമ്മീഷന്‍ പ്രവര്‍ത്തനം ആരംഭിച്ചതും ആദ്യ യോഗം നടന്നതും അറിയിച്ചത്. അതിര്‍ത്തി പരിപാലനം, സംയുക്ത അതിര്‍ത്തി സര്‍വേകള്‍, വ്യാപാരം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവ മെച്ചപ്പെടുത്തുന്നതിന് കമ്മീഷന്‍ സഹായിക്കുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ പ്രധാന നാഴികക്കല്ലാണെന്നും പാകിസ്താന്‍ അവകാശപ്പെട്ടു. ഇന്ത്യയുടെ ഔദ്യോഗിക നിലപാടനുസരിച്ച്, 1963ലെ ചൈന-പാകിസ്താന്‍ അതിര്‍ത്തി കരാറിന് ഇന്ത്യ അംഗീകാരം നല്‍കിയിട്ടില്ല.

 

Share