ബെംഗളൂരു: ചോക്ലേറ്റ് കഴിച്ചതിന് പിന്നാലെ കുളിക്കാൻ പോയ 23കാരി കുഴഞ്ഞുവീണു മരിച്ചു. ബെംഗളൂരു സ്വദേശിനിയായ വർഷയാണ് കർണാടകയിലെ ഹാസൻ ജില്ലയിലെ സക്ലേഷ്പുരിലെ ലോഡ്ജിൽ മരിച്ചത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സെപ്റ്റംബർ 11നാണ് വർഷ ബന്ധുവിനും സുഹൃത്തിനുമൊപ്പം സക്ലേഷ്പുരിലെ ലോഡ്ജിൽ എത്തിയത്. ഇതിനിടെയാണ് സംഭവം. ചോക്ലേറ്റ് കഴിച്ച ശേഷം ബാത്ത്റൂമിലേക്ക് പോകുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് വിവരം.
വർഷയുടെ മരണത്തിന് ചോക്ലേറ്റുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ശരീരത്തിൽ പുറമേയുള്ള പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവസമയത്ത് വർഷയ്‌ക്കൊപ്പമുണ്ടായിരുന്ന ബന്ധുവിനെയും സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്തു. ഇവരുടെ മൊഴികളും ലോഡ്ജിലെ സാഹചര്യങ്ങളും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. വർഷ ഹാസനിലേക്ക് യാത്ര പോയ വിവരം മാതാപിതാക്കൾക്ക് അറിയാമായിരുന്നുവെന്നും ഹാസൻ എസ്പി വ്യക്തമാക്കി.
വർഷയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തതയുണ്ടാകൂ എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.