ന്യൂഡല്‍ഹി: 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് വ്യാപാരികള്‍ 18 ശതമാനം ജിഎസ്ടി നല്‍കണമെന്ന പ്രചാരണം വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാര്‍. യുപിഐ ഇടപാടുകളില്‍ പുതിയതായി 18 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. യുപിഐ ഇടപാടുകള്‍ക്ക് ബാധകമായ മര്‍ച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആര്‍) തുകയ്ക്ക് ജിഎസ്ടി ബാധകമായേക്കാമെങ്കിലും, ജിഎസ്ടി രജിസ്ട്രേഷനുള്ള വ്യാപാരികള്‍ക്ക് ഈ നികുതി ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റായി ക്രമീകരിക്കാന്‍ സാധിക്കും. അതിനാല്‍ വ്യാപാരികള്‍ക്ക് നികുതി ബാധ്യത ഒഴിവാക്കാന്‍ സാധിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
യുപിഐ ഉപയോക്താക്കള്‍ക്ക് പുതിയ ജിഎസ്ടി ഭാരം ഏര്‍പ്പെടുത്തുമെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അധികൃതര്‍ വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് ഉയരുന്ന സംശയങ്ങള്‍ ജിഎസ്ടി കൗണ്‍സില്‍ പരിശോധിക്കുമെന്നും കേന്ദ്രം അറിയിച്ചു. ഒക്ടോബര്‍ 15 മുതല്‍ 2,000 രൂപയ്ക്ക് മുകളിലുള്ള പേഴ്സണ്‍-ടു-മര്‍ച്ചന്റ് യുപിഐ ഇടപാടുകള്‍ക്ക് 0.4 ശതമാനം എംഡിആര്‍ ഈടാക്കാനാണ് നിര്‍ദേശം. ഒരു ഇടപാടിന് പരമാവധി 300 രൂപയായിരിക്കും എംഡിആര്‍. അതേസമയം റെയില്‍വേ, ടെലികോം സേവനങ്ങള്‍, ഇന്‍ഷുറന്‍സ്, ഇന്ധനം തുടങ്ങിയ പ്രത്യേക വിഭാഗങ്ങളിലെ 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് 5 രൂപ എന്ന നിശ്ചിത ഇളവ് നിരക്കിലായിരിക്കും എംഡിആര്‍ ഈടാക്കുക.
യുപിഐ ഇടപാടുകള്‍ക്ക് നേരിട്ട് 18 ശതമാനം ജിഎസ്ടി ചുമത്തുമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും പുതിയ മാറ്റം പ്രധാനമായും വ്യാപാരികള്‍ക്കുള്ള എംഡിആറുമായി ബന്ധപ്പെട്ടതാണെന്നും അധികൃതര്‍ വ്യക്തമാക്കി.















