തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പുതിയ മേല്‍ശാന്തിയായി ഗുരുവായൂര്‍ ചാമുണ്ഡേശ്വരി പഴയത്ത് മന സതീശന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. ഒക്ടോബര്‍ ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയാണ് കാലാവധി. രണ്ടാം തവണയാണ് സതീശന്‍ നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തിയാകുന്നത്. നേരത്തെ മറ്റൊരു മേല്‍ശാന്തിക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായപ്പോള്‍ താല്‍ക്കാലിക ചുമതലയും അദ്ദേഹം വഹിച്ചിരുന്നു. 58-കാരനായ സതീശന്‍ നമ്പൂതിരി പഴയത്ത് ഇട്ടിരവി നമ്പൂതിരിയുടെയും ഓതിക്കന്‍ കുടുംബമായ ഗുരുവായൂര്‍ പൊട്ടക്കുഴി ഇല്ലത്ത് ശാന്ത അന്തര്‍ജനത്തിന്റെയും മകനാണ്. 42 വര്‍ഷമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പൂജാകര്‍മങ്ങള്‍ നിര്‍വഹിച്ചുവരികയാണ്. ഗണിതശാസ്ത്രത്തില്‍ ബിരുദധാരിയാണ്.
വ്യാഴാഴ്ച ഉച്ചപ്പൂജയ്‌ക്ക് ശേഷം ക്ഷേത്രത്തിലെ നമസ്‌കാരമണ്ഡപത്തില്‍ നടന്ന നറുക്കെടുപ്പിലൂടെയാണ് സതീശന്‍ നമ്പൂതിരിയെ മേല്‍ശാന്തിയായി തിരഞ്ഞെടുത്തത്. ആകെ 43 പേരാണ് നറുക്കെടുപ്പില്‍ പങ്കെടുത്തത്. തന്ത്രിമാരായ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, ചേന്നാസ് കൃഷ്ണന്‍ നമ്പൂതിരിപ്പാട് എന്നിവരുടെ സാന്നിധ്യത്തില്‍ നിലവിലെ മേല്‍ശാന്തി പി.എം. നാരായണന്‍ നമ്പൂതിരിയാണ് നറുക്കെടുത്തത്. ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ്, ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, അഡ്മിനിസ്‌ട്രേറ്റര്‍ എസ്. ഹരിഗോപാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഭാര്യ: ഒറ്റപ്പാലം മേച്ചേരി മന ഷീജ അന്തര്‍ജനം. ബെംഗളൂരുവില്‍ ആയുര്‍വേദ ഡോക്ടറായ ശ്രീരഞ്ജിനി, ചെന്നൈയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ ശ്രീവിദ്യ എന്നിവരാണ് മക്കള്‍. മരുമകന്‍ വിഷ്ണു ബെംഗളൂരുവില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറാണ്.















