തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി. വൈകിട്ട് 6.15 മുതല്‍ രാത്രി 12.45 വരെയുള്ള സമയത്താണ് ഇടവിട്ട് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യത. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുള്ള മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതും കാരണം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തെ പീക്ക് ഡിമാന്‍ഡ് 5,496 മെഗാവാട്ടിലെത്തി. സാധാരണ വേനല്‍ക്കാലത്ത് രേഖപ്പെടുത്തുന്ന ഉപഭോഗത്തിന് സമാനമായ നിലയാണിത്.
മുന്‍ വര്‍ഷങ്ങളിലെ സെപ്റ്റംബര്‍ മാസത്തെ വൈദ്യുതി ആവശ്യകതയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ ഏകദേശം 1,200 മെഗാവാട്ടിന്റെ വര്‍ധനവാണുണ്ടായത്. ഉയര്‍ന്ന ഉപഭോഗം കാരണം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് വ്യാഴാഴ്ച 700 മുതല്‍ 900 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യതക്കുറവ് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വലിയ തോതില്‍ വര്‍ധിച്ചതോടെ പവര്‍ എക്‌സ്‌ചേഞ്ച് വഴി ലഭിക്കുന്ന വൈദ്യുതിയുടെ ലഭ്യതയിലും കുറവുണ്ടായിട്ടുണ്ട്.
ദേശീയതലത്തില്‍ ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ അറിയിച്ച 12,000 മെഗാവാട്ടിന്റെ കുറവ് പൂര്‍ണമായി പരിഹരിക്കാത്ത സാഹചര്യവും തുടരുകയാണ്. സെന്‍ട്രല്‍ ജനറേറ്റിംഗ് സ്റ്റേഷനുകളില്‍നിന്നുള്ള വൈദ്യുതി ലഭ്യതയിലും അപ്രതീക്ഷിത കുറവുണ്ടായതായി വൈദ്യുതി വകുപ്പ് അറിയിച്ചു. ദേശീയതലത്തില്‍ കാറ്റാടി നിലയങ്ങളില്‍നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനം കുറഞ്ഞതും വൈദ്യുതി ആവശ്യകത ഉയര്‍ന്നതും ലഭ്യതയെ ബാധിക്കാനിടയുണ്ടെന്ന് നാഷണല്‍ ലോഡ് ഡെസ്പാച്ച് സെന്ററും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇതിനുപുറമെ മധ്യപ്രദേശില്‍നിന്ന് സ്വാപ്പ് അടിസ്ഥാനത്തില്‍ ലഭിച്ചിരുന്ന 200 മെഗാവാട്ട് വൈദ്യുതി വ്യാഴാഴ്ചയും ലഭിക്കില്ല. ഇതോടെ സംസ്ഥാനത്ത് 200 മെഗാവാട്ടിന്റെ അധിക വൈദ്യുതി ക്ഷാമവും നേരിടേണ്ടിവരും.















