മനുവിനൊപ്പം തജീന്ദര്‍പാല്‍; ഏഷ്യന്‍ ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക ഇവര്‍

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ജപ്പാനില്‍ ശനിയാഴ്ച ആരംഭിക്കുന്ന 2026 ഏഷ്യന്‍ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യയുടെ പതാകയേന്തുക ഇരട്ട ഒളിമ്പിക് മെഡല്‍ ജേതാവ് മനു ഭാക്കറും നിലവിലെ ഏഷ്യന്‍ ഗെയിംസ് ഷോട്ട്പുട്ട് ചാമ്പ്യന്‍ തജീന്ദര്‍പാല്‍ സിംഗ് തൂറും. വ്യത്യസ്ത കായിക ഇനങ്ങളില്‍ രാജ്യത്തിന്റെ ശ്രദ്ധേയ താരങ്ങളായ ഇരുവരെയാണ് ഇന്ത്യ പതാകവാഹകരായി തിരഞ്ഞെടുത്തത്. മനു ഭാക്കറിനെ പതാകവാഹകയായി തിരഞ്ഞെടുത്ത കാര്യം ഇന്ത്യയുടെ ഷെഫ് ഡി മിഷന്‍ സഹദേവ് യാദവ് സ്ഥിരീകരിച്ചു. തജീന്ദര്‍പാല്‍ സിംഗ് തൂറായിരിക്കും രണ്ടാമത്തെ പതാകവാഹകനെന്ന് അത്ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പിന്നീട് അറിയിച്ചു.

2024ലെ പാരീസ് ഒളിമ്പിക്സില്‍ ഒരേ ഒളിമ്പിക്സ് പതിപ്പില്‍ രണ്ട് മെഡലുകള്‍ നേടുന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യ താരമെന്ന നേട്ടം മനു ഭാക്കര്‍ സ്വന്തമാക്കിയിരുന്നു. ഷൂട്ടിങ്ങിലാണ് താരം രണ്ട് വെങ്കല മെഡലുകള്‍ നേടിയത്. പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ നിലവിലെ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനാണ് തജീന്ദര്‍പാല്‍ സിംഗ് തൂര്‍. കഴിഞ്ഞ രണ്ട് ഏഷ്യന്‍ ഗെയിംസുകളിലും സ്വര്‍ണം നേടിയ താരം മൂന്നാം സ്വര്‍ണമാണ് ലക്ഷ്യമിടുന്നത്. നിലവിലെ ചാമ്പ്യന്‍ എന്ന നിലയിലും ഏഷ്യന്‍ ഗെയിംസില്‍ തുടര്‍ച്ചയായി രണ്ട് തവണ സ്വര്‍ണം നേടിയ താരമെന്ന നിലയിലും തജീന്ദര്‍പാലിന് ഇത്തവണ വലിയ പ്രതീക്ഷകളാണുള്ളത്.

ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ സംഘത്തെ നയിക്കുന്നതിനു പിന്നാലെ മത്സരവേദിയില്‍ മികച്ച പ്രകടനമാണ് ഇരുവരും ലക്ഷ്യമിടുന്നത്. സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 4 വരെയാണ് ജപ്പാനിലെ ഐച്ചി-നാഗോയിയില്‍ 2026 ഏഷ്യന്‍ ഗെയിംസ് നടക്കുന്നത്.

Share