‘കേരളത്തിന് രാമനുമായി ആഴത്തിലുള്ള ബന്ധം’; രാമകഥ അതിരുകള്‍ ഭേദിക്കുന്ന പാരമ്പര്യം: രാജ്നാഥ് സിങ്

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: കേരളം രാമായണവുമായി ബന്ധപ്പെട്ട നിരവധി പുണ്യസ്ഥാനങ്ങളുടെ കേന്ദ്രമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. കേരളത്തെ പുരാണങ്ങളില്‍ പരശുരാമ ക്ഷേത്രമായി വിശേഷിപ്പിക്കുന്നുവെന്നും പരശുരാമനും ശ്രീരാമനും ഭഗവാന്‍ വിഷ്ണുവിന്റെ അവതാരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ കേരളത്തിന് ഭഗവാന്‍ രാമനുമായി ആഴമേറിയതും നിലനില്‍ക്കുന്നതുമായ ബന്ധമുണ്ടെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി. കൊച്ചിയിലെ എളമക്കര ഭാസ്‌കരീയം കണ്‍വന്‍ഷന്‍ സെന്ററില്‍ ‘വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ എക്രോസ് ഭാരത് ആന്‍ഡ് ബിയോണ്ട്’ ത്രിദിന ദേശീയ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെപ്റ്റംബര്‍ 18 മുതല്‍ 20 വരെയാണ് കോണ്‍ക്ലേവ് നടക്കുന്നത്.

കൊല്ലത്തെ ജഡായുപാറയും വയനാട്ടിലെ പുല്‍പ്പള്ളി സീതാദേവി ക്ഷേത്രവും രാമായണവുമായി ബന്ധമുള്ള കേരളത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളാണെന്ന് രാജ്നാഥ് സിങ് പറഞ്ഞു. കര്‍ക്കിടക മാസത്തിലെ നാലമ്പല തീര്‍ഥാടനത്തിനും കേരളത്തില്‍ വലിയ പ്രാധാന്യമുണ്ട്. മഹാകവി എഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ട് കര്‍ക്കിടക മാസത്തില്‍ കേരളത്തിലെ വീടുകളില്‍ പാരായണം ചെയ്യുന്ന പാരമ്പര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍ രാമായണ പാരമ്പര്യം ശക്തിപ്പെടുത്തുന്നതില്‍ പി. പരമേശ്വര്‍ജിക്കും മാധവ്ജിക്കും അദ്ദേഹം ആദരമര്‍പ്പിച്ചു.

‘എല്ലാ കണികയിലും രാമനുണ്ട്’ എന്ന് പറഞ്ഞ രാജ്നാഥ് സിങ്, രാമകഥ ഇന്ത്യയില്‍ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്ന പാരമ്പര്യമാണെന്നും വ്യക്തമാക്കി. പ്രാദേശിക ഭാഷകളുടെ അതിരുകള്‍ മറികടന്ന് ഏഷ്യയിലുടനീളം രാമകഥയുടെ യാത്ര തുടരുകയാണ്. രാമായണം ദൈനംദിന ജീവിതത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. രാമനും രാമകഥയും ഒരു മതത്തിലോ സമുദായത്തിലോ മാത്രം ഒതുങ്ങുന്നതല്ലെന്നും ഭാരതീയ സംസ്‌കാരത്തിന്റെ ഹൃദയഭാഗത്താണ് ഭഗവാന്‍ രാമനെന്നും രാജ്നാഥ് സിങ് പറഞ്ഞു.

രാജസ്ഥാനിലെ മേവാത്തില്‍ മുസ്ലിം യോഗികള്‍ രാമകഥ പാടുന്ന പാരമ്പര്യമുണ്ടെന്നും കേരളത്തിലെ മാപ്പിള രാമായണം ഇതിന് സമാനമായ സാംസ്‌കാരിക പാരമ്പര്യത്തിന്റെ ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Share