റിയാദ്: സൗദി അറേബ്യയിൽ നിർണായക എണ്ണ പൈപ്പ്‌ലൈൻ ലക്ഷ്യമിട്ട് ആക്രമണം ഉണ്ടായതിന് പിന്നാലെ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം തടസപ്പെടുമെന്ന് റിപ്പോർട്ട്. രണ്ട് യൂറോപ്യൻ റിഫൈനറികൾക്ക് അടുത്ത മാസം ക്രൂഡ് ഓയിൽ അനുവദിക്കില്ലെന്ന് സൗദി അരാംകോ അറിയിച്ചതായാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്. ദീർഘകാല കരാറിന്റെ അടിസ്ഥാനത്തിൽ പ്രതിമാസം സൗദി എണ്ണ സ്വീകരിക്കുന്ന ഉപഭോക്താക്കളെയാണ് തീരുമാനം ബാധിക്കുക.
ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈന് നേരെ ആക്രമണം
സൗദി അറേബ്യയുടെ പ്രധാന എണ്ണ ഗതാഗത മാർഗമായ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈന് നേരെയുണ്ടായ ഡ്രോൺ ആക്രമണമാണ് വിതരണ തടസത്തിന് പിന്നിൽ. ആക്രമണത്തിൽ പൈപ്പ്‌ലൈൻ സംവിധാനത്തിലെ മൂന്ന് പമ്പിങ് സ്റ്റേഷനുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി ഉപഗ്രഹ ചിത്രങ്ങളും വ്യവസായ മേഖലയിലെ വൃത്തങ്ങളും വ്യക്തമാക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ചെങ്കടലിലെ യാൻബു തുറമുഖത്തേക്കുള്ള എണ്ണ നീക്കത്തെയും ആക്രമണം ബാധിച്ചിട്ടുണ്ട്.
ഏകദേശം 1,200 കിലോമീറ്റർ നീളമുള്ള ഈ പൈപ്പ്‌ലൈൻ സൗദിയുടെ കിഴക്കൻ മേഖലകളിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളിൽനിന്ന് ചെങ്കടൽ തീരത്തേക്ക് ക്രൂഡ് എത്തിക്കുന്ന പ്രധാന സംവിധാനമാണ്. ഹോർമുസ് കടലിടുക്ക് ഒഴിവാക്കി എണ്ണ കയറ്റുമതി നടത്താൻ സഹായിക്കുന്ന നിർണായക പാത കൂടിയാണിത്. ദിവസങ്ങൾക്കുള്ളിൽ പൈപ്പ്‌ലൈൻ പ്രവർത്തനം ഭാഗികമായി പുനരാരംഭിക്കാനാകുമെന്നാണ് റിപ്പോർട്ടുകൾ. പൂർണ ശേഷിയിലേക്ക് മടങ്ങാൻ ആറ് ആഴ്ച വരെ വേണ്ടിവന്നേക്കാമെന്നും സൂചനയുണ്ട്.
യൂറോപ്പിന് പകരം എണ്ണ കണ്ടെത്തേണ്ടിവരും
ദീർഘകാല വിതരണ കരാറുകളിലൂടെയാണ് യൂറോപ്യൻ റിഫൈനറികൾക്ക് സൗദിയിൽ നിന്നും ക്രൂഡ് ഓയിൽ ലഭിക്കുന്നത്. ഒക്ടോബറിലെ വിതരണം ലഭിക്കില്ലെന്ന വിവരം ലഭിച്ചതോടെ യൂറോപ്യൻ ഉപഭോക്താക്കൾക്ക് മറ്റ് ഉറവിടങ്ങളിൽനിന്ന് ക്രൂഡ് കണ്ടെത്തേണ്ട സാഹചര്യമാണുള്ളത്. പോളിഷ് എണ്ണക്കമ്പനിയായ ഓർലെൻ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ പകരം എണ്ണ ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
അന്താരാഷ്‌ട്ര ഊർജ ഏജൻസിയുടെ കണക്കുകൾ പ്രകാരം യൂറോപ്പിലെ OECD രാജ്യങ്ങൾ ജൂണിൽ സൗദിയിൽനിന്ന് പ്രതിദിനം ശരാശരി 5.77 ലക്ഷം ബാരൽ ക്രൂഡ് ഇറക്കുമതി ചെയ്തിരുന്നു. ഒക്ടോബറിലെ സൗദി വിതരണ തടസം യൂറോപ്യൻ എണ്ണ വിപണിയിൽ അധിക സമ്മർദം സൃഷ്ടിക്കുമെന്നാണ് റിപ്പോർട്ടുകൾ.
സൗദിയും യെമനിലെ ഹൂതി വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടൽ ശക്തമായ സാഹചര്യത്തിലാണ് എണ്ണ അടിസ്ഥാനസൗകര്യങ്ങൾക്കെതിരായ ആക്രമണം. സൗദിയുടെ എണ്ണ മേഖലയും മറ്റ് നിർണായക കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണങ്ങൾ തുടരുന്നതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം, സൗദി അറേബ്യയ്‌ക്ക് നേരെയുള്ള ആക്രമണങ്ങൾ നിയന്ത്രിക്കാൻ ഇറാന്റെ സഹായം തേടണമെന്ന ആവശ്യം ചൈന മുന്നോട്ടുവച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ആക്രമണങ്ങളെത്തുടർന്നുള്ള എണ്ണ വിതരണ തടസമാണ് അന്താരാഷ്‌ട്ര വിപണിയിലും ആശങ്ക വർധിപ്പിച്ചത്.