വാഷിങ്ടൺ: എത്യോപ്യയിലെ ടിഗ്രേ മേഖലയിലെ യുദ്ധവുമായി ബന്ധപ്പെട്ട് 2021ൽ എറിത്രിയയ്‌ക്കെതിരെ ഏർപ്പെടുത്തിയ ഉപരോധ നടപടികൾ അമേരിക്ക പിൻവലിച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ദേശീയ അടിയന്തരാവസ്ഥ പുതുക്കേണ്ടെന്ന് തീരുമാനിച്ചതോടെയാണ് ഉപരോധ നടപടികൾക്ക് അടിസ്ഥാനമായിരുന്ന നടപടി അവസാനിച്ചത്. ചെങ്കടലിലെ തന്ത്രപ്രധാനമായ എറിത്രിയയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം കൂടി കണക്കിലെടുത്താണ് വാഷിങ്ടൺ പുതിയ സമീപനം സ്വീകരിക്കുന്നതെന്നാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കുന്നത്.
2021 നവംബറിലാണ് അന്നത്തെ പ്രസിഡന്റ് ജോ ബൈഡൻ ഭരണകൂടം എത്യോപ്യയിലെ ടിഗ്രേ സംഘർഷവുമായി ബന്ധപ്പെട്ട് എറിത്രിയയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തിയത്. എറിത്രിയൻ ഡിഫൻസ് ഫോഴ്‌സ്, പ്രസിഡന്റ് ഇസയാസ് അഫ്വെർക്കിയുടെ ഭരണകക്ഷിയായ പീപ്പിൾസ് ഫ്രണ്ട് ഫോർ ഡെമോക്രസി ആൻഡ് ജസ്റ്റിസ് എന്നിവ ഉൾപ്പെടെയുള്ളവരെയാണ് നടപടികൾ ബാധിച്ചത്. ഹാഗോസ് ഗെബ്രെഹിവെറ്റ് ഉൾപ്പെടെയുള്ള ചില വ്യക്തികൾക്കും റെഡ് സീ ട്രേഡിങ് കോർപ്പറേഷനും ഉപരോധം ബാധകമായിരുന്നു.
ടിഗ്രേ മേഖലയിൽ എത്യോപ്യൻ ഫെഡറൽ സേനയ്‌ക്കൊപ്പം എറിത്രിയൻ സൈന്യവും പോരാട്ടത്തിൽ പങ്കെടുത്തിരുന്നു. സംഘർഷത്തിനിടെ എറിത്രിയൻ സൈന്യത്തിനെതിരെ മനുഷ്യാവകാശ ലംഘനങ്ങളും അതിക്രമങ്ങളും സംബന്ധിച്ച ആരോപണങ്ങൾ ഉയർന്നിരുന്നു. 2022 നവംബറിൽ എത്യോപ്യൻ സർക്കാർ സേനയും ടിഗ്രേ വിമതരും തമ്മിൽ സമാധാന കരാർ ഒപ്പുവെച്ചതോടെയാണ് യുദ്ധം അവസാനിച്ചത്. സംഘർഷത്തിൽ കുറഞ്ഞത് ആറ് ലക്ഷം പേർ കൊല്ലപ്പെട്ടതായാണ് വിവിധ കണക്കുകൾ വ്യക്തമാക്കുന്നത്. വലിയ മാനുഷിക പ്രതിസന്ധിക്കും ഇത് കാരണമായി; നിരവധി പേർ ഇപ്പോഴും ഭവനരഹിതരായി തുടരുകയാണ്.
നടപടിക്ക് പിന്നിൽ അമേരിക്കയുടെ മാറുന്ന പ്രാദേശിക താൽപര്യങ്ങളാണ് പ്രധാന ഘടകമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. ടിഗ്രേ സമാധാന കരാർ നടപ്പാക്കുന്നതിൽ ഇരു വിഭാഗങ്ങൾക്കും ഭാഗികമായ വീഴ്ചകളുണ്ടായിട്ടുണ്ടെങ്കിലും, നിലവിലെ യാഥാർഥ്യങ്ങൾക്കനുസരിച്ച് വിദേശനയം മാറ്റേണ്ട സമയമാണിതെന്നും എത്യോപ്യയുമായും എറിത്രിയയുമായും സഹകരിച്ച് അമേരിക്കൻ താൽപര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാണ് ലക്ഷ്യമെന്നും അമേരിക്ക അറിയിച്ചു.
ചെങ്കടലിലെ എറിത്രിയയുടെ സ്ഥാനം അമേരിക്കയുടെ പുതിയ സമീപനത്തിൽ നിർണായകമാണ്. ഹോൺ ഓഫ് ആഫ്രിക്കയിലെ രാജ്യമായ എറിത്രിയയുടെ തീരപ്രദേശം ചെങ്കടലിനോട് ചേർന്നാണ്. പ്രത്യേകിച്ച് അസാബ് തുറമുഖവും ബാബ് അൽ-മന്ദബ് കടലിടുക്കിനോടുള്ള സാമീപ്യവും രാജ്യത്തിന് വലിയ തന്ത്രപ്രധാന്യം നൽകുന്നു. ചെങ്കടലിനെയും ഏദൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ഈ കടലിടുക്ക് ആഗോള സമുദ്രവ്യാപാരത്തിനും എണ്ണ ഗതാഗതത്തിനും നിർണായക പാതയാണ്.
അമേരിക്കയുടെ തീരുമാനം എറിത്രിയ സ്വാഗതം ചെയ്തു. 2021ൽ ഏർപ്പെടുത്തിയ ഉപരോധങ്ങൾ അനാവശ്യവും രാജ്യത്തിന് വലിയ നഷ്ടമുണ്ടാക്കിയതുമാണെന്ന് എറിത്രിയൻ ഇൻഫർമേഷൻ മന്ത്രി യെമാനെ ഗെബ്രെമെസ്കെൽ പ്രതികരിച്ചു. ട്രംപ് ഭരണകൂടത്തിന്റെ നടപടിയെ അദ്ദേഹം സ്വാഗതം ചെയ്തു.















