ഇസ്ലാമാബാദ്: ചൈനീസ് സൗന്ദര്യ വിപണിയിലെ വൻ ഡിമാൻഡ് പാകിസ്ഥാനിലെ കഴുതകൾക്ക് തിരിച്ചടിയാകുന്നു. ബലൂചിസ്ഥാനിൽ നിന്നും ആയിരക്കണക്കിന് കഴുതകളെ കശാപ്പ് ചെയ്ത് മാംസവും തോലും ചൈനയിലേക്ക് കയറ്റി അയക്കുന്നതായാണ് റിപ്പോർട്ടുകൾ. കഴുതയിറച്ചിയേക്കാൾ ചൈനയിൽ ആവശ്യക്കാർ കൂടുതലുള്ളത് തോലിനാണ്.
കഴുതയുടെ തോൽ തിളപ്പിച്ച് വേർതിരിച്ചെടുക്കുന്ന കൊളാജൻ ഉപയോഗിച്ചാണ് പരമ്പരാഗത ചൈനീസ് ഔഷധ ഉൽപ്പന്നമായ ‘ഇജിയോ’ നിർമിക്കുന്നത്. രക്തയോട്ടം, പ്രതിരോധശേഷി, ഉറക്കം എന്നിവ മെച്ചപ്പെടുത്തുമെന്ന് വിശ്വസിക്കപ്പെടുന്ന ഇജിയോ സൗന്ദര്യവർധക ഉൽപ്പന്നങ്ങളിലും ഉപയോഗിക്കുന്നുണ്ട്.
യുഎസ് കോൺഗ്രഷണൽ റിസർച്ച് സർവീസ് റിപ്പോർട്ട് പ്രകാരം ഇജിയോ നിർമാണത്തിനായി ലോകത്ത് പ്രതിവർഷം 23 ലക്ഷം മുതൽ 48 ലക്ഷം വരെ കഴുതകളെയാണ് കശാപ്പ് ചെയ്യുന്നത്. ചൈനയിലെ കഴുതകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെയാണ് വിദേശ രാജ്യങ്ങളിൽ നിന്ന് ഇവയെ കൂടുതലായി വാങ്ങിത്തുടങ്ങിയത്.
പാകിസ്ഥാനിലേക്ക് ചൈനീസ് ശ്രദ്ധ
ആറു മില്യണിലധികം കഴുതകളുള്ള പാകിസ്ഥാൻ ചൈനീസ് വ്യാപാരികൾക്ക് പ്രധാന വിതരണകേന്ദ്രമായി മാറുകയായിരുന്നു. ചൈനീസ് വിപണി ലക്ഷ്യമിട്ട് പഞ്ചാബിലെ ഒകാരയിൽ 3,000 ഏക്കറിലധികം വരുന്ന സർക്കാർ ഫാമും പാകിസ്ഥാൻ ആരംഭിച്ചിരുന്നു.
ആഫ്രിക്കൻ രാജ്യങ്ങളായിരുന്നു നേരത്തെ ചൈനയുടെ പ്രധാന വിതരണകേന്ദ്രങ്ങൾ. എന്നാൽ കഴുതകളുടെ എണ്ണം കുത്തനെ കുറഞ്ഞതോടെ 2024ൽ ആഫ്രിക്കൻ യൂണിയൻ കഴുതക്കശാപ്പിനും തോൽ കയറ്റുമതിക്കും വ്യാപക നിയന്ത്രണം ഏർപ്പെടുത്തി. ഇതോടെ ചൈനീസ് വ്യാപാരികൾ പാകിസ്ഥാൻ, ബ്രസീൽ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് തിരിഞ്ഞു.
ബലൂചിസ്ഥാനിൽ കശാപ്പ് കേന്ദ്രങ്ങൾ
കഴുതയിറച്ചി മറ്റ് മാംസമെന്ന പേരിൽ വിൽക്കുന്നുവെന്ന പരാതികളെ തുടർന്ന് പാകിസ്ഥാൻ നേരത്തെ കഴുതത്തോൽ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പിന്നീട് വാണിജ്യ മന്ത്രാലയത്തിന്റെ ഉത്തരവിലൂടെ നിയന്ത്രണം നീക്കി.
ഗ്വാദർ ഫ്രീ സോണിലാണ് പ്രധാന കശാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഇവിടെ നിന്നുള്ള മാംസവും തോലും ചൈനയിലേക്ക് കയറ്റി അയക്കാനാണ് ലക്ഷ്യം. ഗ്വാദർ ഫ്രീ സോണിലെ ഹെങ്‌ഗെങ് ഗ്രൂപ്പ് ഇതിനകം ദശലക്ഷക്കണക്കിന് ഡോളർ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കാർഷിക ജോലികൾക്കും ഭാരവാഹനങ്ങൾ വലിക്കാനും ഉപയോഗിച്ചിരുന്ന കഴുതകൾ പാകിസ്ഥാനിൽ ഇപ്പോൾ വലിയ കയറ്റുമതി ചരക്കായി മാറുകയാണ്.















