തെരഞ്ഞെടുപ്പിന്റെ അവസാന ദിനത്തില്‍ മോസ്‌കോയില്‍ ഡ്രോണ്‍ പെരുമഴ; 1600ലേറെ ഡ്രോണുകള്‍ തകര്‍ത്തതായി റഷ്യ; രണ്ട് മരണം

Published by
ജനം വെബ്‌ഡെസ്ക്

മോസ്‌കോ: റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയ്‌ക്കും പരിസര പ്രദേശങ്ങള്‍ക്കും നേരെ വന്‍ ഡ്രോണ്‍ ആക്രമണം. റഷ്യന്‍ അധികൃതരുടെ കണക്കനുസരിച്ച് ശനിയാഴ്ച മുതല്‍ 1,600ലേറെ ഡ്രോണുകളാണ് തകര്‍ത്തത്. ഇതില്‍ 450 എണ്ണം മോസ്‌കോ ലക്ഷ്യമാക്കി എത്തിയതായും അധികൃതര്‍ അറിയിച്ചു. ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മോസ്‌കോ മേഖലയിലെ ഗവര്‍ണര്‍ ആന്‍ഡ്രെയ് വൊറോബ്യോവ് അറിയിച്ചു.

മോസ്‌കോ മേയര്‍ സെര്‍ഗെയ് സൊബ്യാനിന്‍ ആക്രമണത്തെ തലസ്ഥാനത്തിന് നേരെയുണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണമെന്നാണ് വിശേഷിപ്പിച്ചത്. മോസ്‌കോ ഓയില്‍ റിഫൈനറിയിലും ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലും ഡ്രോണുകള്‍ പതിച്ചതായി അദ്ദേഹം അറിയിച്ചു. റിഫൈനറി പരിസരത്ത് സ്‌ഫോടനങ്ങളും പുകയും കണ്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ശനിയാഴ്ച മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 1,600ലേറെ ഡ്രോണുകള്‍ തകര്‍ത്തതായി സൊബ്യാനിന്‍ പറഞ്ഞു. ഇതില്‍ 450 എണ്ണം മോസ്‌കോയിലേക്ക് നീങ്ങിയവയാണെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രാഥമിക കണക്കില്‍ രാജ്യത്തുടനീളം 1,100 ഡ്രോണുകള്‍ തകര്‍ത്തതായി വ്യക്തമാക്കിയിരുന്നു. മോസ്‌കോയിലെ ആക്രമണത്തില്‍ ഒരു എണ്ണ റിഫൈനറിയുടെ ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചതായും ഒരു അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന് നേരെയും ഡ്രോണ്‍ പതിച്ചതായും മേയര്‍ പറഞ്ഞു. റഷ്യന്‍ അധികൃതരുടെ ആരോപണങ്ങളോട് യുക്രെയ്ന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

മോസ്‌കോ മേഖലയിലെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ ആക്രമണങ്ങളിലാണ് രണ്ട് പേര്‍ മരിച്ചത്. മരിച്ചവരില്‍ 44കാരിയായ ഒരു സ്ത്രീയും പ്രായമായ ഒരു പുരുഷനും ഉള്‍പ്പെടുന്നതായി ഗവര്‍ണര്‍ അറിയിച്ചു. ഒരു 21 നില കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് 400 പേരെ ഒഴിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. റഷ്യയിലെ മൂന്ന് ദിവസത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ അവസാന ദിവസമാണ് വന്‍ ഡ്രോണ്‍ ആക്രമണമുണ്ടായത്. സെപ്റ്റംബര്‍ 18ന് ആരംഭിച്ച വോട്ടെടുപ്പ് സെപ്റ്റംബര്‍ 20നാണ് അവസാനിക്കുന്നത്. ആക്രമണം തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നുവെന്നാണ് മോസ്‌കോ മേയര്‍ ആരോപിച്ചത്.

എന്നാല്‍ തെരഞ്ഞെടുപ്പ് നടപടികളെ ആക്രമണം തടസ്സപ്പെടുത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്ന്‍ അധിനിവേശത്തിലാക്കിയ പ്രദേശങ്ങളിലും ക്രിമിയയിലും റഷ്യ വോട്ടെടുപ്പ് നടത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ റഷ്യന്‍ തെരഞ്ഞെടുപ്പ് നടപടികളെ യുക്രെയ്ന്‍ നിയമവിരുദ്ധമെന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്.

Share