തേജസില്‍ പറന്ന് ഇന്ത്യ-ജപ്പാന്‍ വ്യോമസേനാ മേധാവികള്‍; ശ്രദ്ധേയമായി ‘വീര്‍ ഗാര്‍ഡിയന്‍ 2026’

Published by
ജനം വെബ്‌ഡെസ്ക്

ജോധ്പുര്‍: ഇന്ത്യന്‍ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിങ്ങും ജപ്പാന്‍ എയര്‍ സെല്‍ഫ് ഡിഫന്‍സ് ഫോഴ്‌സ് ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ തകേഹിറോ മോറിറ്റയും ഇന്ത്യയുടെ തദ്ദേശീയ യുദ്ധവിമാനമായ തേജസില്‍ പറന്നു. ജോധ്പുരിലെ എയര്‍ ഫോഴ്‌സ് സ്റ്റേഷനില്‍ ഞായറാഴ്ച നടന്ന ‘വീര്‍ ഗാര്‍ഡിയന്‍ 2026’ സംയുക്ത വ്യോമാഭ്യാസത്തിന്റെ ഭാഗമായാണ് ഇരുവരും ഫോര്‍മേഷന്‍ സോര്‍ട്ടിയില്‍ പങ്കെടുത്തത്. ഇന്ത്യ-ജപ്പാന്‍ പ്രതിരോധ സഹകരണത്തിലെ ശ്രദ്ധേയമായ നീക്കമായാണ് ഈ സോര്‍ട്ടി വിലയിരുത്തപ്പെടുന്നത്. ജപ്പാന്‍ എയര്‍ സെല്‍ഫ് ഡിഫന്‍സ് ഫോഴ്‌സിന്റെ യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍ നടക്കുന്ന ഉഭയകക്ഷി വ്യോമാഭ്യാസത്തില്‍ പങ്കെടുക്കുന്നത് ആദ്യമായാണ്.

സെപ്റ്റംബര്‍ 9ന് ആരംഭിച്ച വ്യോമാഭ്യാസം സെപ്റ്റംബര്‍ 22നാണ് സമാപിക്കുക. സോര്‍ട്ടിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിങ്, ജപ്പാന്‍ യുദ്ധവിമാനങ്ങള്‍ ആദ്യമായി ഇന്ത്യന്‍ മണ്ണില്‍ പ്രവര്‍ത്തിക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധത്തിലെ പ്രധാന നാഴികക്കല്ലാണെന്ന് പറഞ്ഞു. ജപ്പാന്‍ വ്യോമസേനാ മേധാവി തേജസിനെ ഇന്ത്യയുടെ സാങ്കേതിക മുന്നേറ്റത്തിന്റെയും ‘മേക്ക് ഇന്‍ ഇന്ത്യ’ സംരംഭത്തിന്റെയും പ്രതീകമായി വിശേഷിപ്പിച്ചു. 14 ദിവസം നീളുന്ന വ്യോമാഭ്യാസത്തില്‍ ഇന്ത്യ തേജസിന് പുറമെ സുഖോയ്-30എംകെയും റാഫേലും വിന്യസിച്ചിട്ടുണ്ട്.

ജപ്പാന്റെ എഫ്-2എ യുദ്ധവിമാനങ്ങളാണ് അഭ്യാസത്തില്‍ പങ്കെടുക്കുന്നത്. ഇരു വ്യോമസേനകളും നൂതന ഓപ്പറേഷണല്‍ ദൗത്യങ്ങള്‍, മിഷന്‍ പ്ലാനിങ്, സാങ്കേതിക വിദഗ്ധരുടെ ആശയവിനിമയം, എഞ്ചിനീയറിങ്, എയ്‌റോസ്‌പേസ് സുരക്ഷ തുടങ്ങിയ മേഖലകളില്‍ പരിശീലനവും പ്രൊഫഷണല്‍ ഇടപെടലുകളും നടത്തുന്നുണ്ട്. ഇന്ത്യയും ജപ്പാനും തമ്മിലുള്ള വ്യോമപ്രതിരോധ സഹകരണവും പ്രവര്‍ത്തനപരമായ ഏകോപനവും കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ‘വീര്‍ ഗാര്‍ഡിയന്‍ 2026’ന്റെ പ്രധാന ലക്ഷ്യം.

Share
Published by
ജനം വെബ്‌ഡെസ്ക്