തിരുവനന്തപുരം: കെട്ടിട ക്രമവല്‍ക്കരണ ഫീസും വസ്തുനികുതിയും അടയ്‌ക്കുന്നതിനായി തിരുവനന്തപുരം നഗരസഭയില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് മേയര്‍ അഡ്വ. വി.വി. രാജേഷ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. സെപ്റ്റംബര്‍ 20നാണ് മേയര്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയത്.
സെപ്റ്റംബര്‍ 19ന് നേമം സോണല്‍ ഓഫീസിലെത്തിയ സമീര്‍ എന്നയാള്‍ മന്‍സൂര്‍ എ.ആര്‍. എന്നയാളുടെ പേരില്‍ കെട്ടിട ക്രമവല്‍ക്കരണ ഫീസ് അടയ്‌ക്കുന്നതിനുള്ള വിവരങ്ങള്‍ തേടുകയും ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കുകയും ചെയ്തിരുന്നു. എന്നാല്‍, പരിശോധനയില്‍ ഹാജരാക്കിയ കെട്ടിട സര്‍ട്ടിഫിക്കറ്റും ക്രമവല്‍ക്കരണ ഫീസ് രസീതും വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.
ഓഫീസ് രേഖകള്‍ പരിശോധിച്ചതില്‍ പ്രസ്തുത കെട്ടിടത്തിന്റെ യഥാര്‍ഥ നികുതിദായക രാജേശ്വരിയാണെന്ന് വ്യക്തമായതോടെയാണ് രേഖകളുടെ ആധികാരികതയില്‍ സംശയമുയര്‍ന്നത്. നേമം സോണല്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍ രേഖകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. വ്യാജ രേഖകള്‍ നിര്‍മിച്ചതിനും നഗരസഭയില്‍ ഹാജരാക്കിയതിനും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് മേയര്‍ പോലീസിനോട് ആവശ്യപ്പെട്ടു.
ആവശ്യമായ അസ്സല്‍ രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്നും പരാതിയില്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ അഞ്ചാം തീയതിയിലെ ബില്‍ഡിങ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും നികുതി രസീതുകളും ഉള്‍പ്പെടെയുള്ള രേഖകള്‍ പരാതിക്കൊപ്പം പോലീസിന് കൈമാറിയിട്ടുണ്ട്. നഗരസഭയുടെ പരിധിയിലെ മറ്റ് ഇടങ്ങളിലും സമാനമായ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്നും പരിശോധിക്കണമെന്ന് മേയര്‍ ആവശ്യപ്പെട്ടു.