ന്യൂയോർക്ക്: ഐക്യരാഷ്‌ട്രസഭാ പൊതുസഭാ സമ്മേളനത്തിനിടെ യുഎസും ഇറാനും തമ്മിൽ മൂന്ന് മണിക്കൂർ നീണ്ട ചർച്ച. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഘ്ചിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ട്രംപിന്റെ മരുമകൻ ജാരഡ് കുഷ്നറും ഉൾപ്പെടെയുള്ളവരാണ് ചർച്ചയിൽ പങ്കെടുത്തത്.
യുഎൻ പൊതുസഭാ സമ്മേളനത്തിന്റെ ഭാഗമായി ന്യൂയോർക്കിൽ നടന്ന കൂടിക്കാഴ്ച ‘വളരെ മികച്ചതും ഫലപ്രദവുമായിരുന്നുവെന്ന്’ ട്രംപ് പ്രതികരിച്ചു. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്‌ക്കിടെയായിരുന്നു ട്രംപിന്റെ പ്രതികരണം. മൂന്ന് മണിക്കൂർ നീണ്ട ചർച്ച ഒരു മണിക്കൂർ മുൻപാണ് അവസാനിച്ചതെന്നും ഉടൻ തന്നെ അടുത്ത ഘട്ട ചർച്ച നടക്കുമെന്നും ട്രംപ് പറഞ്ഞു. കരാറിലെത്താനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
“കൂടിക്കാഴ്ച വളരെ നന്നായി നടന്നു. വളരെ ഫലപ്രദമായിരുന്നു. ഉടൻ തന്നെ മറ്റൊരു കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്,” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ഹോർമുസ് തുറക്കാൻ ഇറാന്റെ നിബന്ധനകൾ
വ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ചർച്ചകൾ നടന്നതായി സ്ഥിരീകരിച്ചു. മധ്യസ്ഥരുടെ സഹായത്തോടെ ദീർഘമായ ചർച്ചകൾ നടത്തിയെന്നും ചർച്ചകൾ ക്രിയാത്മകവും പ്രതീക്ഷ നൽകുന്നതുമാണെന്നും ഇരു വിഭാഗവും പറഞ്ഞു.
നാവിക ഉപരോധം ഉടൻ പിൻവലിക്കുക, മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടുനൽകുക, ലെബനൻ ഉൾപ്പെടെ എല്ലാ മുന്നണികളിലെയും യുദ്ധം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവച്ചത്.
‘ഇറാനെ തകർത്തുകളയണോ?’; ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്
അതേസമയം, ചർച്ചയ്‌ക്ക് മണിക്കൂറുകൾക്ക് മുൻപ് യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യവെ ഇറാനെതിരെ കടുത്ത മുന്നറിയിപ്പാണ് ട്രംപ് നൽകിയത്. ഏകദേശം ഏഴ് മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഉടൻ ധാരണയിലെത്തിയില്ലെങ്കിൽ ഇറാനെ ‘പൂർണമായി തകർക്കേണ്ടി വരും’ എന്ന കടുത്ത പരാമർശമാണ് ട്രംപ് നടത്തിയത്.
ഇറാനുമായി കരാറിലെത്തി രാജ്യത്തിന് പുനർനിർമാണത്തിനും മുന്നേറ്റത്തിനും അവസരം നൽകുകയോ, അല്ലെങ്കിൽ ഇറാനെ തകർക്കുകയോ ചെയ്യുക എന്നതാണ് മുന്നിലുള്ളതെന്ന് ട്രംപ് പറഞ്ഞു.
അതേസമയം, ഹോർമുസ് കടലിടുക്കിലൂടെ എണ്ണ കയറ്റുമതി സുഗമമാക്കുന്നതിനായി യുഎസ് നാവികസേന നടത്തുന്ന നീക്കങ്ങളും ട്രംപ് യുഎന്നിൽ പരാമർശിച്ചു. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ് ഹോർമുസിലെ എണ്ണ നീക്കമെന്നും അദ്ദേഹം അവകാശപ്പെട്ടു.
യുഎസ്-ഇറാൻ ചർച്ചകൾക്ക് പിന്നാലെ അടുത്ത ഘട്ട ചർച്ചകൾക്കായി ഇരുപക്ഷവും തയ്യാറെടുക്കുകയാണ്. എന്നാൽ ഹോർമുസ് കടലിടുക്ക് തുറക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ ഇറാനും അമേരിക്കയും തമ്മിലുള്ള ഭിന്നതകൾ തുടരുകയാണ്.