വൈദ്യുതി കണക്ഷന് ഇനി വന്‍ ചെലവ്; ഫീസ് കുത്തനെ കൂട്ടി റെഗുലേറ്ററി കമ്മിഷന്‍, ചിലയിനങ്ങളില്‍ മൂന്നിരട്ടി വരെ വര്‍ധന

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷന്‍ എടുക്കുന്നതിനുള്ള ഫീസ് കുത്തനെ കൂട്ടി റെഗുലേറ്ററി കമ്മിഷന്‍. ചില വിഭാഗങ്ങളില്‍ നിലവിലെ നിരക്കിന്റെ മൂന്നിരട്ടി വരെ വര്‍ധനയാണുള്ളത്. പുതിയ നിരക്കുകള്‍ ഒക്ടോബര്‍ 12 മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ നിരക്ക് പ്രകാരം പോസ്റ്റ്, അധിക വയര്‍, ട്രാന്‍സ്‌ഫോര്‍മര്‍ തുടങ്ങിയവ ആവശ്യമുള്ള കണക്ഷനുകള്‍ക്കും ഇവ ആവശ്യമില്ലാത്ത കണക്ഷനുകള്‍ക്കും ചില വിഭാഗങ്ങളില്‍ ഏകീകൃത നിരക്കായിരിക്കും ഈടാക്കുക. ലൈനില്‍ നിന്ന് 200 മീറ്ററിനുള്ളിലുള്ള കണക്ഷനുകള്‍ക്കാണ് പ്രധാനമായും പുതിയ നിരക്ക് ബാധകമാകുന്നത്.

മുമ്പ് പോസ്റ്റും മറ്റ് സാമഗ്രികളും ആവശ്യമായ കണക്ഷനും ആവശ്യമില്ലാത്ത കണക്ഷനും പ്രത്യേകം നിരക്കുകളായിരുന്നു. ഇനി കിലോവാട്ട് അടിസ്ഥാനത്തില്‍ നിരക്ക് ഏകീകരിച്ചതോടെ അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് തന്നെ ഫീസ് അടയ്‌ക്കാനാകും. നിലവില്‍ കെഎസ്ഇബി ഫീസ് കണക്കാക്കുന്നതുവരെ അപേക്ഷകര്‍ക്ക് കാത്തിരിക്കേണ്ട സാഹചര്യമുണ്ടായിരുന്നു. രണ്ട് കിലോവാട്ട് വരെ സിംഗിള്‍ ഫേസ് ഗാര്‍ഹിക കണക്ഷന് ഇനി 2,000 രൂപ നല്‍കണം. നിലവില്‍ അഞ്ച് കിലോവാട്ട് വരെയുള്ള കണക്ഷന് 1,740 രൂപയായിരുന്നു ഫീസ്. രണ്ട് കിലോവാട്ടിന് മുകളിലും അഞ്ച് കിലോവാട്ട് വരെയുമുള്ള ഗാര്‍ഹിക കണക്ഷന്റെ ഫീസ് 1,740 രൂപയില്‍ നിന്ന് 5,000 രൂപയായാണ് ഉയര്‍ത്തിയത്.

ഗാര്‍ഹികേതര കണക്ഷനില്‍ ഒരു കിലോവാട്ട് വരെ 2,500 രൂപയും, രണ്ട് കിലോവാട്ട് വരെ 3,000 രൂപയും നല്‍കണം. അഞ്ച് മുതല്‍ 10 കിലോവാട്ട് വരെയുള്ള ത്രീഫേസ് കണക്ഷന്റെ നിരക്കും ഗണ്യമായി വര്‍ധിപ്പിച്ചു. നിലവില്‍ 4,220 രൂപയായിരുന്ന ഫീസ് അഞ്ച് മുതല്‍ ഏഴ് കിലോവാട്ട് വരെയുള്ള കണക്ഷന് 8,000 രൂപയും, ഏഴ് മുതല്‍ 10 കിലോവാട്ട് വരെയുള്ളതിന് 10,000 രൂപയുമായി ഉയരും. ത്രീഫേസ് കണക്ഷനില്‍ ലോഡ് കൂടുന്നതിനനുസരിച്ച് ഫീസിലും വലിയ വര്‍ധനയാണുള്ളത്. എല്‍ടി ത്രീഫേസില്‍ നിലവില്‍ 10 മുതല്‍ 25 കിലോവാട്ട് വരെയുള്ള കണക്ഷന് 14,420 രൂപയായിരുന്നു. പുതിയ നിരക്കില്‍ 10 മുതല്‍ 30 കിലോവാട്ട് വരെ ഒരു കിലോവാട്ടിന് 1,560 രൂപ വീതം നല്‍കണം. ഇതുപ്രകാരം 25 കിലോവാട്ട് കണക്ഷന് ഫീസ് 39,000 രൂപ വരും.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

നിലവില്‍ 25 മുതല്‍ 50 കിലോവാട്ട് വരെയുള്ള കണക്ഷന് 21,750 രൂപയായിരുന്നു ഫീസ്. പുതിയ നിരക്കില്‍ 30 മുതല്‍ 40 കിലോവാട്ട് വരെ ഒരു കിലോവാട്ടിന് 2,890 രൂപ വീതവും 50 മുതല്‍ 100 കിലോവാട്ട് വരെ ഒരു കിലോവാട്ടിന് 5,670 രൂപ വീതവുമാണ് നിരക്ക്. ഇതോടെ 50 കിലോവാട്ട് കണക്ടഡ് ലോഡുള്ള കണക്ഷന് നിലവിലെ 21,750 രൂപയില്‍ നിന്ന് ഏകദേശം 2.11 ലക്ഷം രൂപ ഫീസായി നല്‍കേണ്ടിവരും. ഈ വിഭാഗത്തില്‍ ട്രാന്‍സ്‌ഫോര്‍മറോ മറ്റ് സാമഗ്രികളോ ആവശ്യമായി വന്നാലും അതിനായി പ്രത്യേകം തുക ഈടാക്കില്ല. കണക്ടഡ് ലോഡില്‍ മാറ്റമില്ലാതെ സിംഗിള്‍ ഫേസ് കണക്ഷന്‍ ത്രീഫേസാക്കി മാറ്റുന്നതിനും പുതിയ ഫീസ് ഏര്‍പ്പെടുത്തി. ഒരു കിലോവാട്ടിന് 700 രൂപ വീതമാണ് ഇതിനായി നല്‍കേണ്ടത്.

അതേസമയം, 200 മീറ്ററിന് പുറത്തുള്ള പ്രദേശങ്ങളില്‍ അധിക പോസ്റ്റുകളും മറ്റ് ഉപകരണങ്ങളും ആവശ്യമായ കണക്ഷനുകള്‍ക്ക് നിലവിലെ നിരക്ക് തുടരും. ഈ നിരക്കും രണ്ട് മാസത്തിനകം പരിഷ്‌കരിച്ച് ശുപാര്‍ശ സമര്‍പ്പിക്കാന്‍ റെഗുലേറ്ററി കമ്മിഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Share