‘ഹാഫിസ് സയീദിനെ എപ്പോൾ വിചാരണ ചെയ്യും?’; യുഎന്നിൽ ഷെഹ്ബാസ് ഷരീഫിന് നേരെ മാധ്യമ പ്രവർത്തകരുടെ ചോദ്യശരം, വാതുറക്കാതെ പാക് പ്രധാനമന്ത്രി

Published by
ജനം വെബ്‌ഡെസ്ക്

ന്യൂയോർക്ക്: ലഷ്‌കർ-ഇ-ത്വയ്ബ (എൽഇടി) സ്ഥാപകൻ ഹാഫിസ് സയീദിനെതിരെ പാകിസ്താൻ എപ്പോൾ നടപടി സ്വീകരിക്കുമെന്ന ചോദ്യത്തിന് മറുപടി നൽകാതെ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ്. 81-ാമത് യുഎൻ പൊതുസഭാ സമ്മേളനത്തിനെത്തിയ ഷെഹ്ബാസ് ഷരീഫിനോടാണ് മാധ്യമപ്രവർത്തകർ നേരിട്ട് ചോദ്യങ്ങൾ ഉന്നയിച്ചത്.

യുഎൻ ആസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിനിടെ, ‘ഭീകരരെ സംരക്ഷിക്കുന്നത് പാകിസ്താൻ എപ്പോൾ അവസാനിപ്പിക്കും?’ എന്നായിരുന്നു ആദ്യ ചോദ്യം. എന്നാൽ ഷെഹ്ബാസ് ഷരീഫ് മറുപടി നൽകാതെ അകത്തേക്ക് നടന്നു.

യുഎൻ ആസ്ഥാനത്ത് നിന്ന് മടങ്ങുന്നതിനിടെയും മാധ്യമപ്രവർത്തകർ ഷെഹ്ബാഷിനെ വളഞ്ഞു. ‘ലഷ്‌കർ-ഇ-ത്വയ്ബ തലവൻ ഹാഫിസ് സയീദിനെ എപ്പോൾ വിചാരണ ചെയ്യും?’ എന്നായിരുന്നു ചോദ്യം. ഇതിനും പാക് പ്രധാനമന്ത്രി മറുപടി നൽകിയില്ല.

ആരാണ് ഹാഫിസ് സയീദ്?
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ സർഗോധ സ്വദേശിയായ ഹാഫിസ് മുഹമ്മദ് സയീദ് നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-ത്വയ്ബയുടെ സ്ഥാപകരിലൊരാളാണ്. ഇന്ത്യ യുഎപിഎ നിയമപ്രകാരം ഇയാളെ ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്.

2008ലെ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലും ഹാഫിസ് സയീദ് പ്രതിയാണ്. സയീദിനെതിരെ ജാമ്യമില്ലാ വാറന്റുകളും നിലവിലുണ്ട്.

2025 ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയും ഹാഫിസ് സയീദിന്റെ പേര് വീണ്ടും ഉയർന്നിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരോധിത ലഷ്‌കർ-ഇ-ത്വയ്ബയുമായി ബന്ധമുള്ളവർക്ക് പങ്കുണ്ടെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. കേസിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ ഹാഫിസ് സയീദിനെയും പ്രതിയാക്കിയിട്ടുണ്ട്.

യുഎന്നിൽ പാകിസ്താനെതിരെ ഇന്ത്യയുടെ രൂക്ഷ വിമർശനം
ഷെഹ്ബാസ് ഷരീഫിന് നേരെ ഹാഫിസ് സയീദിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നതിന് ഒരു ദിവസം മുമ്പ് യുഎന്നിലും ഇന്ത്യ പാകിസ്താനെതിരെ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു.

യുഎൻ മനുഷ്യാവകാശ കൗൺസിലിൽ റൈറ്റ് ഓഫ് റിപ്ലൈയിലൂടെ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധി ക്ഷിതിജ് ത്യാഗിയാണ് പാകിസ്താനെ വിമർശിച്ചത്. സ്വന്തം സാമ്പത്തിക, വികസന പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ഇന്ത്യക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും അതിർത്തി കടന്നുള്ള ഭീകരവാദത്തെ പിന്തുണയ്‌ക്കുകയുമാണ് പാകിസ്താൻ ചെയ്യുന്നതെന്ന് ഇന്ത്യ ആരോപിച്ചു.

പാക് അധീന കശ്മീരിലെ മനുഷ്യാവകാശ, മാനുഷിക പ്രശ്നങ്ങളും ഇന്ത്യ കൗൺസിലിൽ ചൂണ്ടിക്കാട്ടി. ജൂൺ മുതൽ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടതായും വിദ്യാർഥികളെ അറസ്റ്റ് ചെയ്തതായും ഭക്ഷണവും മരുന്നും തടഞ്ഞുവച്ചതായുമുള്ള റിപ്പോർട്ടുകളും ഇന്ത്യ പരാമർശിച്ചു.

ഹാഫിസ് സയീദിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് ഷെഹ്ബാസ് ഷരീഫ് പ്രതികരിക്കാതിരുന്നത് ഇന്ത്യ-പാകിസ്താൻ ഭീകരവാദ വിഷയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Share