ന്യൂഡൽഹി: എഫ്സിആർഎ ഭേദഗതി ബില്ലിന്മേലുള്ള സംയുക്ത പാർലമെന്ററി സമിതി (ജെപിസി) യോഗം നിർണ്ണായകഘട്ടത്തിൽ. വിദേശ സംഭാവന സ്വീകരിക്കുന്ന രജിസ്റ്റർ ചെയ്ത സംഘടനകൾ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ സ്വീകരിക്കേണ്ട നടപടികൾ ഉൾപ്പെടെ നിർണായക വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി. വിദേശ സംഭാവനകൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുള്ള വ്യവസ്ഥകൾ ശക്തമാക്കുന്നതാണ് ബില്ലിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് ജെപിസി അംഗം സി. സദാനന്ദൻ മാസ്റ്റർ ജനം ടിവിയോട് പറഞ്ഞു.
രാജ്യത്തിന്റെ സാമ്പത്തിക മേഖല കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് എഫ്സിആർഎ ഭേദഗതിയെ കാണേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ബിൽ സംബന്ധിച്ച നടപടികൾ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞതായും ആദ്യഘട്ടമായി ജെപിസി യോഗം ചേർന്ന് വിവിധ നടപടിക്രമങ്ങൾ പരിശോധിച്ചതായും സദാനന്ദൻ മാസ്റ്റർ പറഞ്ഞു.
വിദേശ സംഭാവന സ്വീകരിച്ച് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന സാഹചര്യം നിയന്ത്രിക്കുന്നതായിരുന്നു യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്ത വിഷയങ്ങളിലൊന്ന്. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ സ്വീകരിക്കേണ്ട നടപടികളും ശിക്ഷാ വ്യവസ്ഥകളും സംബന്ധിച്ചും സമിതി ചർച്ച നടത്തി.
സേവന പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾക്കായി വിദേശത്തുനിന്ന് വലിയ തോതിൽ പണം രാജ്യത്തേക്ക് എത്തുന്നുണ്ടെന്നും, ഈ ഫണ്ടുകൾ ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കേണ്ടതുണ്ടെന്നും സദാനന്ദൻ മാസ്റ്റർ പറഞ്ഞു. വിദേശ സംഭാവനകൾ ഭീകരവാദ പ്രവർത്തനങ്ങൾക്കും മതപരിവർത്തനത്തിനും ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന സാഹചര്യം തടയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, എഫ്സിആർഎ ഭേദഗതി ന്യൂനപക്ഷ വിരുദ്ധമാണെന്ന ആരോപണം സദാനന്ദൻ മാസ്റ്റർ പൂർണ്ണമായും തള്ളി. ഏത് വിഭാഗത്തിൽപ്പെട്ടവരായാലും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിൽ അത് തടയേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ന്യൂനപക്ഷ വിഭാഗങ്ങളുടെ പേരിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും സംഘടനകൾക്കും വിദേശ സംഭാവന ലഭിക്കുന്നുണ്ടെന്നും അവയിൽ ചിലത് ദുരുപയോഗം ചെയ്യപ്പെടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനെ ന്യൂനപക്ഷ വിരുദ്ധ നടപടിയായി ചിത്രീകരിക്കുന്നതിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
വിദേശ ഫണ്ടുകളുടെ വിനിയോഗത്തിൽ കൂടുതൽ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിനുള്ള നിയമഭേദഗതിയാണ് ലക്ഷ്യമിടുന്നതെന്നും, കുറ്റമറ്റ രീതിയിൽ എഫ്സിആർഎ നിയമത്തിൽ ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരികയാണ് ഉദ്ദേശമെന്നും സദാനന്ദൻ മാസ്റ്റർ വ്യക്തമാക്കി.