Rajeev Chandrashekar
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള സംഘർഷങ്ങൾ ബിജെപിയുടെ സമരങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ബോധപൂർവ്വമായ നാടകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ബിജെപിയുടെ പ്രതിഷേധം തുടരും. തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണവും ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരള സന്ദർശനത്തിനിടെ നടന്നത് സാധാരണ പ്രതിഷേധമല്ലെന്നും സുരക്ഷാ വീഴ്ചയാണെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 12 വർഷത്തെ രാഹുലിന്റെ രാഷ്‌ട്രീയം നുണകളിലും തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളിലും അധിഷ്ഠിതമാണ്. രാജ്യം പുരോഗമിക്കുമ്പോഴും രാഹുൽ നുണപ്രചാരണം നടത്തുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. രാഹുലിന്റെ പല വാദങ്ങളെയും കോടതി പോലും ചോദ്യം ചെയ്യുകയാണ്. പിണറായി വിജയനെ ജയിലിലടയ്‌ക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന രാഹുൽ ഇപ്പോൾ എം.എ. ബേബിക്കൊപ്പം ചായകുടിക്കുന്ന നിലയിലായെന്നും രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു.
പ്രധാനമന്ത്രിയെ ദേശവിരുദ്ധനെന്ന് വിളിക്കുന്ന രാഹുൽ ‘ഫ്രോഡും നുണയനുമാണ്’. നിരന്തരം വിവാദങ്ങൾ സൃഷ്ടിക്കുന്ന രാഹുലിനെ തുറന്നുകാട്ടേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
ഫ്ലൈദുബായ് വിമാനത്തിലെ അടിയന്തര സാഹചര്യത്തിൽ ധീരത കാട്ടിയ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചറിനെ രാജീവ് ചന്ദ്രശേഖർ അഭിനന്ദിച്ചു. വിമാനത്തിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ക്യാപ്റ്റന്റെ ധീരമായ ഇടപെടൽ നിർണായകമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.