ദുബൈ: ദുബൈയിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനത്തിന്റെ കോക്ക്പിറ്റിൽ പൈലറ്റുമാർ തമ്മിൽ കൈയാങ്കളിയുണ്ടായ സംഭവത്തിന് പിന്നാലെ ഇസ്രായേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവച്ച് ഫ്ലൈദുബൈ. സെപ്റ്റംബർ 30ന് നടന്ന സംഭവത്തിൽ സമഗ്ര അന്വേഷണം തുടരുന്നതിനാലാണ് സർവീസുകൾ നിർത്തിവച്ചതെന്ന് ദുബൈ ആസ്ഥാനമായ വിമാനക്കമ്പനി അറിയിച്ചു.
ഫ്ലൈദുബൈക്ക് പിന്നാലെ പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്സും ടെൽ അവീവിലേക്കുള്ള കോഡ്ഷെയർ വിമാന സർവീസുകൾ റദ്ദാക്കി. വിമാനസുരക്ഷയുമായി ബന്ധപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടികൾ.
സെപ്റ്റംബർ 30ന് ദുബൈയിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട FZ1073 വിമാനത്തിന്റെ കോക്ക്പിറ്റിലാണ് പൈലറ്റുമാർ തമ്മിൽ കൈയാങ്കളി ഉണ്ടായത്. സംഭവത്തിന്റെ കൃത്യമായ കാരണമോ അതിന് പിന്നിലെ ലക്ഷ്യമോ ഇതുവരെ വ്യക്തമായിട്ടില്ലെന്ന് ഫ്ലൈദുബൈ അറിയിച്ചു.
അടിയന്തര ലാൻഡിങ്; ക്രൂ അംഗങ്ങൾക്ക് പരിക്ക്
വിമാനത്തിനുള്ളിലെ സുരക്ഷാ വീഴ്ചയും തുടർന്ന് നടത്തിയ അടിയന്തര ലാൻഡിങ്ങും യുഎഇയുടെ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചു. കോക്ക്പിറ്റിലുണ്ടായ സംഘർഷത്തിൽ ചില ക്രൂ അംഗങ്ങൾക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ സൗദി അറേബ്യയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോക്ക്പിറ്റിലുണ്ടായ സംഭവത്തിൽ മറ്റ് ക്രൂ അംഗങ്ങൾ ഇടപെട്ടാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.
വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ഫ്ലൈദുബൈ അറിയിച്ചു. തബൂക്കിൽ കുടുങ്ങിയ യാത്രക്കാരെയും ജീവനക്കാരെയും ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനായി കമ്പനി രണ്ട് പകരം വിമാനങ്ങൾ അയച്ചിട്ടുണ്ട്.
അന്വേഷണം പൂർത്തിയാകുന്നതുവരെ അഭ്യൂഹങ്ങൾ ഒഴിവാക്കണമെന്ന് നിർദേശം
വിമാനത്തിലെ സംഭവവുമായി ബന്ധപ്പെട്ട് ഔദ്യോഗിക അന്വേഷണം തുടരുകയാണ്. സംഭവത്തിന്റെ പശ്ചാത്തലവും സുരക്ഷാ വീഴ്ചയിലേക്ക് നയിച്ച സാഹചര്യങ്ങളും അന്വേഷണ പരിധിയിലാണ്.
അന്വേഷണം പൂർത്തിയാകുന്നതുവരെ ഔദ്യോഗികമല്ലാത്ത വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്ന് യുഎഇ ഏവിയേഷൻ അതോറിറ്റിയും ഫ്ലൈദുബൈയും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
സുരക്ഷാ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രാഈലിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അന്വേഷണത്തിന്റെ പുരോഗതിയും വ്യോമയാന സുരക്ഷാ വിലയിരുത്തലുകളും അടിസ്ഥാനമാക്കിയാകും സർവീസുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട തുടർ തീരുമാനം ഉണ്ടാകുക.