വൈശാലി: അഴിമതിയും കുറ്റകൃത്യങ്ങളും നിറഞ്ഞുനിന്നിരുന്ന ബിഹാര്‍ ഇന്ന് നിക്ഷേപങ്ങളുടെയും വികസനത്തിന്റെയും വാര്‍ത്തകളിലാണ് ഇടംപിടിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുന്‍ ഭരണകാലത്തെ കടന്നാക്രമിച്ച പ്രധാനമന്ത്രി, എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ സംസ്ഥാനത്തിന്റെ ഭരണരീതിയിലും വികസന മുന്‍ഗണനകളിലും വലിയ മാറ്റമുണ്ടായെന്നും ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ബിഹാറിന് പുതിയ ആത്മവിശ്വാസം കൈവരിക്കാനായെന്നും അദ്ദേഹം പറഞ്ഞു. വൈശാലിയില്‍ സംഘടിപ്പിച്ച വന്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ഛഠ് പൂജയുടെ ആഘോഷങ്ങള്‍ക്ക് പിന്നാലെ ഛഠി മയ്യയുടെ അനുഗ്രഹത്തോടെ വികസനത്തിന്റെ ഉത്സവം ആഘോഷിക്കാനാണ് എല്ലാവരും ഒത്തുചേര്‍ന്നിരിക്കുന്നതെന്ന് മോദി പറഞ്ഞു. ജനങ്ങളുടെ വികസനാഭിലാഷത്തിന്റെ തെളിവാണ് സമ്മേളനത്തിലെ വലിയ ജനപങ്കാളിത്തമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍ഡിഎ അധികാരത്തിലെത്തുന്നതിന് മുമ്പുള്ള ബിഹാറിന്റെ അവസ്ഥ ഓര്‍മിപ്പിച്ചായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം. അന്ന് അഴിമതിക്കഥകളായിരുന്നു വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത്. ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്നത് നിക്ഷേപങ്ങളെക്കുറിച്ചാണ്. മുന്‍പ് കുറ്റകൃത്യങ്ങളുടെ കണക്കുകളായിരുന്നു പ്രധാന വാര്‍ത്തകളെങ്കില്‍ ഇപ്പോള്‍ കുറ്റവാളികള്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികളാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നതെന്നും മോദി പറഞ്ഞു. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും പുതിയ പാതയാണ് ബിഹാര്‍ തിരഞ്ഞെടുത്തത്. വര്‍ഷങ്ങളായുള്ള ദുരിതങ്ങള്‍ക്കുശേഷം നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സദ്ഭരണത്തിലൂടെ സംസ്ഥാനത്തിന് ആത്മവിശ്വാസം തിരിച്ചുപിടിക്കാനായെന്നും പ്രധാനമന്ത്രി പറഞ്ഞു. നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ആരംഭിച്ച വികസന പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി സമ്രാട്ട് ചൗധരിയും സംഘവും മുന്നോട്ടുകൊണ്ടുപോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അന്തരിച്ച കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാനെയും പ്രധാനമന്ത്രി പ്രസംഗത്തില്‍ അനുസ്മരിച്ചു. ബിഹാറിന്റെ വികസനത്തിനായി അദ്ദേഹം കണ്ട സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ നിലവിലെ വികസന പദ്ധതികള്‍ സഹായിക്കുമെന്ന് മോദി പറഞ്ഞു. തന്റെ സുഹൃത്തായ രാം വിലാസ് പാസ്വാന്‍ എവിടെയായിരുന്നാലും ഈ വികസന പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ അനുഗ്രഹിക്കുന്നുണ്ടാകുമെന്ന് പ്രധാനമന്ത്രി വികാരഭരിതമായി പറഞ്ഞു. ക്യാമറയില്‍ പോലും പൂര്‍ണമായി പകര്‍ത്താനാകാത്തത്ര വലിയ ജനക്കൂട്ടമാണ് വൈശാലിയില്‍ എത്തിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസനത്തോടുള്ള ജനങ്ങളുടെ വര്‍ധിച്ചുവരുന്ന താല്‍പര്യത്തിന്റെയും പ്രതിബദ്ധതയുടെയും തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബംഗാളിലെ ഐഐടി ഖരഗ്പൂരിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി വൈശാലിയിലെത്തിയത്. ഇവിടെനിന്നുള്ള പരിപാടികള്‍ക്കുശേഷം ലഖ്നൗവില്‍ നടക്കുന്ന അഞ്ചാമത് കൗശല്‍ ദീക്ഷാന്ത് സമാരോഹിലും അദ്ദേഹം പങ്കെടുക്കും.















