ഖരഗ്പൂര്‍: വികസിത ഭാരതം എന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കുന്നതില്‍ രാജ്യത്തെ യുവാക്കള്‍ക്കും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നിര്‍ണായക പങ്കുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ആദ്യത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയായ (ഐഐടി) ഖരഗ്പൂരിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 75 വര്‍ഷമായി രാജ്യത്തിന്റെ പരിവര്‍ത്തനത്തില്‍ ഐഐടി ഖരഗ്പൂര്‍ നിര്‍ണായക സംഭാവനയാണ് നല്‍കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്ഥാപനത്തിലെ നേതാജി ഓഡിറ്റോറിയത്തില്‍ നടന്ന ’75 വോയ്‌സസ് ഫോര്‍ വികസിത് ഭാരത്’ പരിപാടിയുടെ ഭാഗമായി വിദ്യാര്‍ഥികളുമായി പ്രധാനമന്ത്രി സംവദിച്ചു.
ഒരുകാലത്ത് തടങ്കല്‍പ്പാളയങ്ങളായിരുന്ന ഈ ക്യാമ്പസ് ഇന്ന് രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന യുവപ്രതിഭകളുടെ കേന്ദ്രമായി മാറിയെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. സ്വയംഭരണം സ്വപ്‌നം കണ്ട ധീരരായ ഇന്ത്യക്കാരുടെ പോരാട്ടത്തിനും നിശ്ചയദാര്‍ഢ്യത്തിനും സാക്ഷ്യം വഹിച്ച മണ്ണാണിത്. അതേ സ്ഥലത്ത് ഇന്ന് രാജ്യത്തെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്ന ആശയങ്ങളും കണ്ടുപിടിത്തങ്ങളും വളരുന്നു. സ്വാതന്ത്ര്യത്തിനായുള്ള അഭിലാഷത്തില്‍നിന്ന് സ്വയംപര്യാപ്തതയ്‌ക്കായുള്ള ദൃഢനിശ്ചയത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയാണ് വികസിത ഭാരതത്തിന്റെ യഥാര്‍ഥ കരുത്തെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ ബഹിരാകാശ, ആണവോര്‍ജ പദ്ധതികളുടെ മുന്നേറ്റത്തില്‍ ഐഐടി ഖരഗ്പൂര്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ആഗോള സമ്പദ്വ്യവസ്ഥയില്‍ പുതിയ അവസരങ്ങള്‍ തുറന്നുവന്നപ്പോള്‍ ഇവിടെനിന്ന് പഠിച്ചിറങ്ങിയ യുവാക്കള്‍ രാജ്യത്തെ സോഫ്റ്റ്വെയര്‍ വ്യവസായത്തിന് കരുത്തുപകര്‍ന്നു. ലോകത്തിലെ പ്രമുഖ കമ്പനികള്‍ക്ക് നേതൃത്വം നല്‍കാനും ഇവിടുത്തെ പൂര്‍വവിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞു. ഓരോ കാലഘട്ടത്തിലും രാജ്യനിര്‍മാണത്തിനുള്ള ഉത്തരവാദിത്വം ഏറ്റെടുത്ത സ്ഥാപനമാണ് ഐഐടി ഖരഗ്പൂര്‍. വരുംകാലത്തും വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ഇവിടുത്തെ വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥികളും നിര്‍ണായക പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. വെല്ലുവിളികളെ നേരിടാനുള്ള ധൈര്യമാണ് യഥാര്‍ഥ കഴിവിന്റെ അളവുകോലെന്ന് വിദ്യാര്‍ഥികളോട് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ സ്വപ്‌നങ്ങളും യുവതലമുറയുടെ പ്രതീക്ഷകളും സാക്ഷാത്കരിക്കാന്‍ ഓരോരുത്തരും കഠിനമായി പരിശ്രമിക്കണം. വെല്ലുവിളികളെക്കുറിച്ച് പലരും തന്നോട് ചോദിക്കാറുണ്ട്. എന്നാല്‍ ഒരു വെല്ലുവിളിയെ കണ്ടാല്‍ അതിനെത്തന്നെ വെല്ലുവിളിക്കുകയാണ് തന്റെ സ്വഭാവമെന്നായിരുന്നു മോദിയുടെ മറുപടി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി, ഗവര്‍ണര്‍ ആര്‍.എന്‍. രവി, കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.















