അമരാവതി: ആന്ധ്രാപ്രദേശിലെ റായലസീമ മേഖലയിലെ ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താനും കര്‍ഷകര്‍ക്ക് മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാനും ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബ് സഹായിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. അന്നമയ്യ ജില്ലയിലെ മദനപ്പള്ളിയില്‍ റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബ് പദ്ധതിക്കും ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് അഗ്രികള്‍ച്ചറിനും കേന്ദ്രമന്ത്രി തറക്കല്ലിട്ടു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
റായലസീമയെ പ്രധാന ഹോര്‍ട്ടികള്‍ച്ചര്‍ കേന്ദ്രമാക്കി വികസിപ്പിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി പ്രവര്‍ത്തിക്കുകയാണെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി മികച്ച ജലമാനേജ്‌മെന്റ്, ആധുനിക സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യ വികസനം എന്നിവ അനിവാര്യമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. പി.എം.-കിസാന്‍, വിള ഇന്‍ഷുറന്‍സ്, പി.എം.-കുസും തുടങ്ങിയ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളും ചടങ്ങില്‍ നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടി.
കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന വിളയിനങ്ങളും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക പമ്പുകളും പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് ആധുനിക സാങ്കേതികവിദ്യയും ശാസ്ത്രീയ കൃഷിരീതികളും ഗവേഷണാധിഷ്ഠിതമായ അറിവും ലഭ്യമാക്കുന്നതില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് അഗ്രികള്‍ച്ചര്‍ നിര്‍ണായക പങ്കുവഹിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഭാവിയില്‍ ഇത് ലോകോത്തര കാര്‍ഷിക പഠന-ഗവേഷണ കേന്ദ്രമായി മാറുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ വ്യക്തമാക്കി.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബ് 10 ജില്ലകളിലായാണ് നടപ്പാക്കുക. മാമ്പഴം, വാഴ, തക്കാളി, മാതളനാരങ്ങ തുടങ്ങിയ പ്രധാന വിളകള്‍ക്ക് പദ്ധതിയില്‍ പ്രത്യേക പ്രാധാന്യം നല്‍കും. മൂന്ന് ഘട്ടങ്ങളിലായാണ് ഹോര്‍ട്ടികള്‍ച്ചര്‍ ഹബ് പദ്ധതി നടപ്പാക്കുന്നത്. ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് പദ്ധതിക്കായി കണക്കാക്കുന്നത്. മേഖലയില്‍ കാര്‍ഷിക അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും കര്‍ഷകര്‍ക്ക് കൂടുതല്‍ വിപണി സാധ്യതകള്‍ ഒരുക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.