മലപ്പുറം: നഗരസഭാ ലൈസന്‍സ് അനുവദിക്കുന്നതിന് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ തിരൂരങ്ങാടി നഗരസഭയിലെ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയില്‍. തിരുവനന്തപുരം കാട്ടാക്കട സ്വദേശി ശ്രീജി എസ് ആണ് അറസ്റ്റിലായത്. നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് വിജിലന്‍സ് ഉദ്യോഗസ്ഥനെ പിടികൂടിയത്. പുതിയതായി ആരംഭിച്ച ഹോട്ടലിനും ജ്യൂസ് സ്റ്റാളിനും നഗരസഭാ ലൈസന്‍സ് ലഭിക്കുന്നതിനാണ് പരാതിക്കാരി അപേക്ഷ നല്‍കിയത്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചെങ്കിലും ‘പേപ്പര്‍ ക്ലിയര്‍ അല്ല’ എന്ന് പറഞ്ഞ് അപേക്ഷകള്‍ മടക്കിയതോടെ ലൈസന്‍സ് ലഭിച്ചില്ല.
തുടര്‍ന്ന് സുഹൃത്ത് മുഖേന പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീജിയെ സമീപിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതെന്നാണ് പരാതി. പരാതിക്കാരി വിവരം മലപ്പുറം വിജിലന്‍സ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു. തുടര്‍ന്ന് വിജിലന്‍സ് സംഘം കെണിയൊരുക്കി നിരീക്ഷണം ആരംഭിച്ചു. പരപ്പനങ്ങാടിയില്‍ ശ്രീജി വാടകയ്‌ക്ക് താമസിക്കുന്ന ബഹുനില കെട്ടിടത്തിലെ മുറിയില്‍വച്ച് പരാതിക്കാരിയില്‍നിന്ന് 10,000 രൂപ കൈപ്പറ്റുന്നതിനിടെയാണ് ഉദ്യോഗസ്ഥനെ വിജിലന്‍സ് പിടികൂടിയത്. പരാതിക്കാരി മുറിയില്‍നിന്ന് ഇറങ്ങി കെട്ടിടത്തിന് താഴെയെത്തിയതിന് പിന്നാലെ വിജിലന്‍സ് സംഘം മുറിയിലെത്തി വാതിലില്‍ മുട്ടി.
ഇതോടെ സംശയം തോന്നിയ ശ്രീജി കൈക്കൂലി പണം ടോയ്ലറ്റിലെ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തതായി വിജിലന്‍സ് പറയുന്നു. തുടര്‍ന്ന് പണത്തെക്കുറിച്ച് പലതവണ ചോദിച്ചെങ്കിലും പരസ്പരവിരുദ്ധമായ മറുപടികളാണ് ശ്രീജി നല്‍കിയതെന്നാണ് വിജിലന്‍സ് പറയുന്നത്. താമസസ്ഥലത്തും കെട്ടിടത്തിന് പിന്നിലെ കാടുപിടിച്ച പറമ്പിലും മണിക്കൂറുകളോളം പരിശോധന നടത്തിയെങ്കിലും പണം കണ്ടെത്താനായില്ല. വിശദമായ ചോദ്യംചെയ്യലിനൊടുവില്‍ കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തതായി ശ്രീജി സമ്മതിച്ചു.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
തുടര്‍ന്ന് ഇയാളുടെ സാന്നിധ്യത്തില്‍ ക്ലോസറ്റ് പൊളിച്ചുമാറ്റി. പൈപ്പിലൂടെ ഉയര്‍ന്ന മര്‍ദത്തില്‍ വെള്ളം പമ്പ് ചെയ്ത് നടത്തിയ പരിശോധനയിലാണ് പൈപ്പിലെ വളവുകളില്‍ കുടുങ്ങിക്കിടന്ന കൈക്കൂലി പണം വിജിലന്‍സ് കണ്ടെത്തിയത്. ഇതോടെ ട്രാപ്പ് ഓപ്പറേഷനില്‍ നിര്‍ണായക തെളിവ് വീണ്ടെടുക്കാന്‍ വിജിലന്‍സിന് സാധിച്ചു. അറസ്റ്റിലായ ശ്രീജിയെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.