കൊല്ലം: സൗദിയിൽ താമസിക്കവേ ഭർത്താവിൽ നിന്ന് ക്രൂരമായ മർദ്ദനമേറ്റെന്ന പരാതിയുമായി കൊല്ലം നീണ്ടകര മണ്ണാന്തറ സ്വദേശിയായ 24കാരി. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും ഭർതൃവീട്ടുകാരും പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.പുത്തൻതുറ സ്വദേശിനിയായ അഞ്ജുവിനാണ് മർദനത്തിൽ ഗുരുതരമായി പരുക്കേറ്റത്.
പരാതിയുടെ അടിസ്ഥാനത്തിൽ ചവറ പൊലീസ് പരിമണം സ്വദേശിയായ ഭർത്താവ് നന്ദു, പിതാവ് ദിനേശ്, മാതാവ് ജഗദമ്മ എന്നിവർക്കെതിരെ കേസെടുത്തു. നാല് മാസം മുൻപാണ് അഞ്ജി വിവാഹിതയായത്. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്‌ക്കുള്ളിൽ തന്നെ സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനം ആരംഭിച്ചെന്നാണ് യുവതിയുടെ മൊഴി. പിന്നീട് സൗദിയിലെത്തിയ ശേഷവും പീഡനം തുടർന്നു.
സൗദിയിലെ വീട്ടിൽവെച്ച് ഭർത്താവ് ലാപ്ടോപ്പ് ചാർജർ, ബെൽറ്റ്, കുക്കർ ഉൾപ്പെടെയുള്ള അടുക്കള ഉപകരണങ്ങൾ ഉപയോഗിച്ച് മർദ്ദിച്ചെന്നാണ് പരാതി. കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയതായും ഇല്ലാത്ത കാര്യങ്ങൾ പറയാൻ നിർബന്ധിച്ചതായും യുവതി പൊലീസിനോട് പറഞ്ഞു. ഭീഷണിപ്പെടുത്തി യുവതിയെക്കൊണ്ട് റെക്കോർഡ് ചെയ്യിച്ച ശബ്ദസന്ദേശം പിന്നീട് പ്രചരിപ്പിച്ചതായും പരാതിയിലുണ്ട്.
സെപ്റ്റംബർ 30നാണ് യുവതി നാട്ടിൽ തിരിച്ചെത്തിയത്. തുടർന്ന് കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. യുവതിയുടെ ശരീരമാസകലം മർദ്ദനമേറ്റ പാടുകളും മുറിവുകളുമുണ്ടെന്നാണ് വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ച ചവറ പൊലീസ് യുവതിയുടെ മൊഴിയും മറ്റ് തെളിവുകളും ശേഖരിച്ചുവരികയാണ്.















