നഗോയ: 2026 ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ഹോക്കി ഫൈനലില്‍ മലേഷ്യയെ തകര്‍ത്ത് ഇന്ത്യയ്‌ക്ക് സ്വര്‍ണം. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ തകര്‍പ്പന്‍ ജയം. ഇതോടെ ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ ആദ്യമായി പുരുഷ ഹോക്കിയില്‍ ഇന്ത്യ കിരീടം നിലനിര്‍ത്തി. 2023ലെ ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടിയ ഇന്ത്യ തുടര്‍ച്ചയായ രണ്ടാം തവണയാണ് ചാമ്പ്യന്മാരാകുന്നത്. ഈ വിജയത്തോടെ 2028ലെ ലോസാഞ്ചലസ് ഒളിമ്പിക്‌സിലേക്കും ഇന്ത്യന്‍ ടീം യോഗ്യത നേടി. പുരുഷ ഹോക്കിയില്‍ ഇന്ത്യയുടെ അഞ്ചാം ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമാണിത്.
ഇന്ത്യയ്‌ക്കായി ഹര്‍മന്‍പ്രീത് സിംഗ് (11′, 57′), ജുഗ്രാജ് സിംഗ് (23′), ഹാര്‍ദിക് സിംഗ് (42′), ശിലാനന്ദ് ലക്ര (54′) എന്നിവര്‍ ഗോള്‍ നേടി. ഇതില്‍ രണ്ട് ഗോളുകള്‍ പെനാല്‍റ്റി കോര്‍ണറുകളില്‍ നിന്നായിരുന്നു. മലേഷ്യ കൗണ്ടര്‍ അറ്റാക്കിലൂടെ ശക്തമായ മുന്നേറ്റങ്ങളാണ് നടത്തിയത്. വേഗമേറിയ നീക്കങ്ങളുമായി മലേഷ്യ ആക്രമിച്ചപ്പോള്‍ ആദ്യ പാദം കടുത്ത പോരാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. ആദ്യ പാദം അവസാനിക്കുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി 1-1ന് സമനിലയിലായിരുന്നു.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
എന്നാല്‍ രണ്ടാം പാദത്തിന് ശേഷം മത്സരത്തിന്റെ നിയന്ത്രണം ഇന്ത്യ ഏറ്റെടുത്തു. തുടര്‍ച്ചയായി നാല് ഗോളുകള്‍ കൂടി നേടിയ ഇന്ത്യ 5-1ന്റെ തകര്‍പ്പന്‍ ജയത്തോടെ സ്വര്‍ണം സ്വന്തമാക്കി. മലേഷ്യയുടെ ഏക ഗോള്‍ 14-ാം മിനിറ്റില്‍ ഫീല്‍ഡ് അറ്റാക്കിലൂടെ ഷെല്ലോ സില്‍വേറിയസ് നേടി. മത്സരത്തില്‍ ഇന്ത്യയ്‌ക്ക് 14 പെനാല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചപ്പോള്‍ മലേഷ്യയ്‌ക്ക് മൂന്ന് മാത്രമാണ് ലഭിച്ചത്. നേരത്തെ വനിതാ ഹോക്കിയിലും ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. നിലവിലെ ചാമ്പ്യന്മാരായ ചൈനയെ ഒന്നിനെതിരെ പൂജ്യം ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് വനിതാ ടീം സ്വര്‍ണം സ്വന്തമാക്കിയത്.















