ദുബായ്: ഫ്ലൈദുബായ് വിമാനത്തിന്റെ കോക്പിറ്റിൽ സഹപൈലറ്റിനെ ആക്രമിക്കുകയും വിമാനം തകർക്കാൻ ശ്രമിക്കുകയും ചെയ്തെന്ന കേസിൽ അറസ്റ്റിലായ ഒമാൻ സ്വദേശി ഹമാം അൽ ഹമ്മാമി തീവ്ര ഇസ്ലാമിസ്റ്റാണെന്ന് എന്ന് ശരിവെക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. സ്ത്രീകളെയും പുരുഷന്മാരെയും ഒരുമിച്ച് ജോലി ചെയ്യിക്കുന്നത് തെറ്റാണെന്ന തരത്തിലുള്ള പഴയ സോഷ്യൽ മീഡിയ പോസ്റ്റുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
താൻ കടുത്ത മതവിശ്വാസം പുലർത്തുന്ന വ്യക്തയെന്ന നിലയിലാണ് ഇയാൾ സ്വയം അവതരിപ്പിച്ചിരുന്നതെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. വിവാഹത്തിനായി കുടുംബം പെൺകുട്ടിയെ അന്വേഷിച്ച കാലത്തെ അനുഭവങ്ങളെക്കുറിച്ചും ഇയാൾ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. വിവാഹശേഷം ഭാര്യ നിഖാബ് ധരിക്കണമെന്നും ജോലി ഉപേക്ഷിക്കണമെന്നും താൻ ആഗ്രഹിച്ചിരുന്നതായാണ് പോസ്റ്റുകളിലെ പരാമർശം.
സ്ത്രീയും പുരുഷനും ഇടകലർന്ന് ജോലി ചെയ്യുന്നതിനെയും ഇയാൾ വിമർശിച്ചിരുന്നു. ഇത്തരം സാഹചര്യങ്ങൾ മതവിശ്വാസമുള്ള സ്ത്രീകളെ സ്വാധീനിക്കുകയും അവരുടെ ജീവിതത്തെ മാറ്റിമറിക്കുകയും ചെയ്യുന്നുവെന്ന തരത്തിലായിരുന്നു ഇയാളുടെ പരാമർശങ്ങൾ.
ഫ്ലൈദുബായ് വിമാനത്തിലെ സംഭവത്തിന് പിന്നാലെ ഇയാളുടെ ലിങ്ക്ഡ്ഇൻ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട രണ്ട് പോസ്റ്റുകളും അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ബോയിങ് 737 മാക്സ് വിമാനത്തിന്റെ കോക്പിറ്റിൽനിന്നുള്ള ദൃശ്യങ്ങളാണ് ആദ്യ പോസ്റ്റിലുണ്ടായിരുന്നത്. സംഭവത്തിൽ ഉൾപ്പെട്ട വിമാനവും ഇതേ വിഭാഗത്തിൽപ്പെട്ടതായിരുന്നു. ഇസ്രായേൽ വിമാനക്കമ്പനികളായ എൽ അൽ, ആർകിയ എന്നിവയുടെ വിമാനങ്ങളും ദൃശ്യങ്ങളിൽ ഉൾപ്പെട്ടിരുന്നു.
റിപ്പോർട്ട് പ്രകാരം വീഡിയോയുടെ അവസാനം അൽഖ്വയ്ദ നേതാവായിരുന്ന അയ്മൻ അൽ സവാഹിരിയുടെ ചിത്രവും ഉൾപ്പെടുത്തിയിരുന്നു. 2009ൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിലെ ചാവേറായ ഹുമാം ഖലീൽ അബു-മുലാൽ അൽ ബലാവിയുടെ ചിത്രങ്ങളും പോസ്റ്റിൽ പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ഹമാം അൽ ഹമ്മാമിയുടെ സോഷ്യൽ മീഡിയ ഇടപടലുകൾക്ക് ഫ്ലൈദുബായ് ഭീകരാക്രണവുമായി എന്തെങ്കിലും നേരിട്ടുള്ള ബന്ധമുണ്ടോയെന്നതടക്കം അന്വേഷണ ഏജൻസികൾ പരിശോധിച്ചുവരികയാണ്.















